മൂന്നാമത്തെ ഹാഫ് മാരത്തൺ 07 മെയ്, 2017

മെയ് ആറ് ശനിയാഴ്ച ഉച്ചയായപ്പോഴേയ്ക്കും ഒരു തലവേദന. സാധാരണ മൈഗ്രൈൻ വരുന്നതിന്റെ ചെറിയ ലക്ഷണമാണ്. ഉടനെ തന്നെ ഒരു ഗുളിക കഴിച്ചു. ബിബ് വാങ്ങാൻ പോയി. കൂടെ ടീഷർട്ടും സാമഗ്രികളും. ഭാര്യ രാത്രി പത്ത് കിലോമീറ്റർ നടക്കാൻ പോകുന്നതിൻറെതും ഉണ്ട്. തിരിച്ച് വീട്ടിൽ കൊണ്ട് വന്ന് ഇട്ടപ്പോൾ രണ്ടാൾക്കും ചേരുന്നില്ല. സാധാരണ ലാർജ് ആണ് ടീഷർട്ട് ഇവിടെ വാങ്ങിക്കുക. പക്ഷെ ഒരു കാര്യം വിട്ടു- ഫ്രാൻസിൽ നിന്നും ആണ് സാധാരണ ടീഷർട്ട് വാങ്ങിക്കുക. XL അവിടെ നിന്നും വാങ്ങിയാൽ രണ്ടാൾക്കും ചേരില്ല. ലാർജ് ആണ് കൃത്യം അളവ്. പക്ഷെ ജനീവയിൽ നിന്ന് വാങ്ങിയാൽ XL തന്നെ വേണം. ഉടനെ തിരിച്ചു പോയി. ഭാഗ്യത്തിന് ഒരെണ്ണം മാറിത്തന്നു - XXL! പക്ഷെ വീട്ടിൽ കൊണ്ട് വന്നിട്ടപ്പോൾ പാകമാണ്. ഒരു മണിക്കൂർ ഉറങ്ങിയിട്ടും ചെറുതായി തലവേദന ഉണ്ട്.

രാത്രി ഭാര്യ പത്ത് കിലോമീറ്റർ നടക്കാൻ പോയ സമയം കൊണ്ട് ഓടുമ്പോൾ കഴിക്കാമെന്നു കരുതി കുറച്ച് ജ്യൂസ്, ഈന്തപ്പഴം ഒക്കെ വാങ്ങി. ജ്യൂസ് കിട്ടിയത് ചെറിയ പ്ലാസ്റ്റിക് കുപ്പികളിലാണ്. രണ്ടെണ്ണം കയ്യിൽ തന്നെ കരുതാം എന്ന് വിചാരിച്ചു. പത്തര ആയി ഭാര്യ നടപ്പു കഴിഞ്ഞു വന്നത്. നല്ല മഴയുണ്ട്. രാത്രി പന്ത്രണ്ട് മണിയോടെ ഒരു ഗുളിക കൂടി കഴിച്ചു കിടന്നു. രാവിലെ ആറരയ്ക്ക് അലാം വച്ചു. നാലര ആയപ്പോൾ ഉണർന്നപ്പോഴും തലവേദന മാറിയില്ല. ഓടാൻ പോകണോ വേണ്ടയോ എന്ന ശങ്ക കലശ്ശലായി. അലാം ഏഴുമണിക്കാക്കി. എട്ടരയ്ക്ക് ഓടാൻ ചെല്ലണമെങ്കിൽ ഏഴു നാൽപ്പത്തി അഞ്ചിനെങ്കിലും പുറപ്പെടണം. പകുതി ദൂരം കാറിൽ പോയി ഫിനിഷിങ് പോയന്റിനടുത്ത് പാർക്ക് ചെയ്ത് മറ്റൊരു ബസ് പിടിച്ച് രണ്ട് സ്റ്റോപ്പ് കഴിഞ്ഞ് അടുത്ത ട്രാം പിടിച്ച് പോകണം സ്റ്റാർട്ടിങ് പോയന്റിലേയ്ക്ക്. എളുപ്പം കുളിച്ച് പെട്ടന്ന് എന്തെങ്കിലും കഴിച്ചിട്ട് പോകാൻ അത് മതി.
രാവിലെ ഏഴു മണിക്ക് ഉണർന്നു. തലവേദന മാറി. ഒരുങ്ങാൻ നേരം മീശ ഡൈ ചെയ്യാതെ പോകരുത് എന്ന് ഭാര്യ. ഫോട്ടോയിൽ വയസ്സനായി തോന്നുമത്രെ. കഷിഞ്ഞ തവണ ബുൾഗാൻ താടി ഡൈ ചെയ്യാതെ പോയിട്ട് നരച്ച താടി വച്ചുള്ള ഫോട്ടോ കണ്ടിട്ട് ഇപ്പോഴും പരാതി പറയാറുണ്ട്. അവൾക്ക് രാത്രിയുള്ള പത്ത് കി മീ നടത്തം കൊണ്ട് കാലൊന്നും അനക്കാൻ വയ്യ (1:38:59 നു പത്ത് കി മീ നടന്നു). പെട്ടന്ന് ഡൈ ചെയ്തു, കുളിച്ചു റെഡിയായി. ഒരു പഴവും മുട്ടയും കഴിച്ചു. കുറെയേറെ വെള്ളവും കുടിച്ചു. റെഡി ആയി പോകാൻ നോക്കിയപ്പോൾ 7:50. കാറ് എടുക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ഉപദേശം- കാറ് പാർക്ക് ചെയ്യാനൊക്കെ ബുദ്ധിമുട്ടാകും- എളുപ്പം ബസ് കിട്ടും. ഇന്നലെ ഞാൻ പോയപ്പോൾ വെറും മുപ്പത്തി അഞ്ചു മിനുട്ട് കൊണ്ട് അങ്ങ് ചെന്നു ....ചിന്തിക്കാൻ സമയം ഇല്ലാത്തതിനാൽ എന്നാൽ അങ്ങിനെ പോകാമെന്നു വിചാരിച്ച് ബസ് സ്റ്റോപ്പിലേക്ക് ഓട്ടം. അടുത്ത ബസിൻറെ സമയം നോക്കിയപ്പോൾ ഞെട്ടി. പതിനഞ്ച് മിനുട്ട് കഴിയണം. തിരിച്ച് വീട്ടിലേയ്ക്ക് ഓട്ടം. കാറെടുത്ത് പാഞ്ഞു. അപ്പോഴേയ്ക്കും സമയം 8:05. പാർക്ക് ചെയ്ത് കഴിഞ്ഞപ്പോൾ 8:20. പിന്നെ ഒരു ബസ് പിടിച്ച് രണ്ടാമത്തെ സ്റ്റോപ്പിൽ ഇറങ്ങി വേണം അടുത്ത ട്രാം കിട്ടാൻ. അതിന് നിന്നാൽ ട്രാമും കിട്ടില്ല എന്ന് മനസ്സിലായി ഒരു കിലോമീറ്റർ ഓട്ടം. ഭാഗ്യത്തിന് ചെന്നയുടനെ ട്രാം കിട്ടി. നിറയെ ഓടാനുള്ളവരും ഉണ്ട്. അപ്പോൾ സമാധാനമായി. 8:45 ആയപ്പോൾ സ്റ്റാർട്ടിങ് പോയന്റിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി. ഓടുന്നതിന് മുൻപുള്ള ബഹളം കേൾക്കുന്നുണ്ട്. അഞ്ചാറു ബാച്ച് ആയിട്ടാണ് ഓട്ടം തുടങ്ങുന്നത്.അയ്യായിരം പേര് ഓടുന്നുണ്ട്.
അവിടെ മുഴുവൻ കുറേയാളുകൾ ഉണ്ട്. എന്നാൽ ഒന്ന് മൂത്രീകരിക്കാം എന്ന് കരുതി പോയി, പെട്ടന്ന് സ്റ്റാർട്ടിങ് പോയന്റിൽ എത്തി നോക്കിയപ്പോൾ ഓട്ടക്കാർ അവിടേം ഇവിടെമായിട്ട് കുറച്ചു പേരുണ്ട്. പക്ഷെ ഓടിക്കുന്ന ലക്ഷണമില്ല. ചിലപ്പോൾ ഇനി ഒൻപത് മണിക്ക് വല്ലോം ആയിരിക്കും അടുത്ത ഓട്ടം എന്ന് കരുതി കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു.രണ്ട് മൂന്ന് ഫോട്ടോ ഒക്കെ എടുത്തു. 8:50 ആയപ്പോൾ വെറുതെ ഒരു ചേട്ടനോട് ഹാഫ് മാരത്തൺ എപ്പഴാ അടുത്ത ഓട്ടം എന്ന് ചോദിച്ചപ്പോൾ അങ്ങേര് ഫുൾ മാരത്തൺ ഓടാൻ വന്നതാണ്, ഒമ്പതരയ്ക്കാണ് ഓട്ടം എന്നും ദോ ലെവിടെ പോയി ചോദിക്കാനും പറഞ്ഞു. നോക്കിയപ്പോ സ്റ്റാർട്ടിങ് പോയന്റിലെ പടുത എല്ലാം അഴിച്ച് കണക്കെടുക്കാൻ തുടങ്ങുകയാണ് കക്ഷികള്. ചങ്കൊന്നു കാളി. ഏതായാലും ഓടാൻ പറ്റുവൊന്നു ചോദിച്ചപ്പോൾ ഒരു നാലഞ്ച് മിനുട്ട് മുൻപാണ് അവസാന ബാച്ച് പോയത്, എന്നാലും ഓടിക്കോളാൻ സമ്മതിച്ചു! പക്ഷെ സ്റ്റാർട്ടിങ് പോയന്റിലെ മെഷീനിൽ ബീപ്പ് ശബ്ദം കേട്ടില്ല എന്നത് ശ്രദ്ധിച്ചിരുന്നതിനാൽ ചിലപ്പോൾ ഡിസ്ക്വാളിഫൈ ചെയ്യുമോ എന്ന് പേടിച്ചു. ഏതായാലും ഓടിക്കളയാമെന്നു സെക്കന്റുകൾക്കുള്ളിൽ തീരുമാനിച്ചു.

8:52 എന്ന് ഫോണിൽ കണ്ടു. ഒറ്റ ഓട്ടം. ആറ് മിനുട്ടിൽ ഒരു കിലോമീറ്റർ കഴിഞ്ഞു. മുന്നിലെങ്ങും ഒരു ഈച്ച പോലും ഇല്ല. ഇടയ്ക്കിടെ വഴി കാണിക്കാൻ നിൽക്കുന്ന വോളന്റിയേഴ്സ് അന്തം വിട്ട് നോക്കുന്നു. വഴി തെറ്റി വന്ന ആരോ ആണോ, അതോ മാരത്തൺ തുടങ്ങുന്നതിന് മുൻപ് ഇടയ്ക്കൂടെ കയറിപ്പോയ ഏതോ വീരനാണോ എന്നൊക്കെയുള്ള കൺഫ്യൂഷൻ അവരുടെ മുഖത്ത് കാണാം. പന്ത്രണ്ട് മിനുട്ടിൽ രണ്ട് കിലോമീറ്ററും കഴിഞ്ഞു. വീണ്ടും ആരുമില്ല. പണ്ടാരം നിർത്തി തിരിച്ചു പോയാൽ മതിയെന്നായി. ഗോൾ പോസ്റ്റിൽ കാത്ത് നിൽക്കുന്ന ഗോളിയുടെ ഏകാന്തത ശരിക്കും അനുഭവിച്ചു. കാലുകൾക്ക് അത്ര ബലം പോരാ. അണയ്ക്കുന്നു......ഏതായാലും അഞ്ചു കിലോമീറ്റർ നോക്കാം, അല്ലെങ്കിൽ ഇടയ്ക്ക് വച്ച് നിർത്തി നടന്നു പോകാമെന്നു കരുതി വീണ്ടും ഓട്ടം.


മൂന്നാം കിലോമീറ്റർ അടുക്കാറായപ്പോൾ രണ്ട് പേര് വലിഞ്ഞ് വലിഞ്ഞ് ഓടുകയും നടക്കുകയും ഒക്കെ ചെയ്യുന്നത് കാണാം. അതിനും കുറെ മുൻപ് ആരുമില്ല. മൂന്ന് കിലോമീറ്റർ ആയപ്പോൾ അവരെ രണ്ടാളേം കവർ ചെയ്ത് അടിച്ചു വിട്ടു പോയി. കയ്യിൽ ജ്യൂസ് കരുതിയത് നന്നായി. ഇടയ്ക്ക് കുടിച്ചു കൊണ്ട് പോകുമ്പോൾ ക്ഷീണം അറിയില്ല. നിർത്താതെ നാലര കിലോമീറ്റർ ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവരാരും പിറകെ ഇല്ല. പതുക്കെ ഒന്ന് നടന്ന് വീണ്ടും ഓട്ടം. മുപ്പത്തി ഒന്ന് മിനുട്ടിൽ അഞ്ചു കിലോമീറ്റർ. കഴിഞ്ഞ തവണത്തെ സമയം തന്നെ എന്ന് കരുതി.


അഞ്ചു കിലോമീറ്റർ കഴിഞ്ഞപ്പോൾ മുൻപിൽ അഞ്ചെട്ട് പേരെ കാണാൻ തുടങ്ങി. ആറ് കിലോമീറ്റർ എത്തിയപ്പോൾ വെള്ളം കുടിച്ചു. വീണ്ടും ഓട്ടം. ഏഴെട്ട് കിലോമീറ്റർ ആയപ്പോൾ കൂടുതൽ ആളുകളെ കാണാൻ തുടങ്ങി. അപ്പോൾ ഏതായാലും തീർക്കാമെന്ന് ആത്മവിശ്വാസം കൂടി. പത്ത് കിലോമീറ്റർ 65 മിനുട്ട് കൊണ്ട് എത്തിയപ്പോൾ പത്തിരുപത്തി അഞ്ചു പേരെ കവർ ചെയ്തു പോരുന്നു. കഴിഞ്ഞ തവണയും ഏകദേശം ഇതേ സമയം തന്നെ എടുത്തു പത്ത് കിലോമീറ്ററിന്. അപ്പോഴാണ് മൊബൈലിൽ റന്റാസ്റ്റിക്ക്‌ (runtastic) എന്ന ആപ്പ് ഉപയോഗിച്ചില്ല എന്ന് ഓർത്തത്. കൺഫ്യൂഷനിടയിൽ മറന്നതാണ്. ഫോണിൽ അത് സ്റ്റാർട്ട് ചെയ്തു. കിലോമീറ്ററും സ്പീഡും എല്ലാം അറിയാം.

*

പതിനൊന്ന് കിലോമീറ്ററിൽ വീണ്ടും വെള്ളവും ജ്യൂസും. വിശപ്പ് ഒട്ടും ഇല്ലായിരുന്നു. പന്ത്രണ്ട്, പതിമൂന്ന് കിലോമീറ്ററുകളാണ് ഏറ്റവും എളുപ്പം. നല്ല ഇറക്കമാണ്. പതിമൂന്നാം കിലോമീറ്റർ 5:51 മിനുട്ടിൽ തീർത്തു. ഇടയ്ക്ക് ഫെയ്‌സ്ബുക്ക് ലൈവ് വരാൻ ഒരു ശ്രമം നടത്തി, ഫലിച്ചില്ല. വീഡിയോ എടുത്ത് വച്ച്. പിന്നീട് പതിനഞ്ച് കിലോമീറ്റർ വരെ ഒരുമാതിരി സ്പീഡിൽ പോയി. ഏകദേശം 1 മണിക്കൂർ 38 മിനുട്ട് കൊണ്ട് പതിനഞ്ച് കിലോമീറ്റർ. ഞാൻ ഈയിടെ ജിമ്മിൽ ഓടിയ അതെ സമയം. പതിനാറ് എത്തിയപ്പോൾ ഒരു ഇൻഡ്യാക്കാരൻ ചേട്ടൻ ഫ്‌ളാഗ് ഒക്കെ തലയിൽ കെട്ടി നടന്നു പോകുന്നത് കണ്ടു. ഇടയ്ക്ക് ഓടുന്നുമുണ്ട്. ഏകദേശം നാൽപ്പത് അൻപത് പേര് വേറെയും ഉണ്ട്. പതിനാലിലും പതിനാറിലും വെള്ളം കിട്ടി. കയ്യിലുള്ള ചെറിയ കുപ്പിയിൽ ജ്യൂസ് നിറച്ചു.

പതിനേഴ് കി മീ എത്തിയപ്പോൾ ഒരു ഇറ്റലിക്കാരി അൻപത്തിഅഞ്ചുകാരിയെ പരിചയപ്പെട്ടു. ഇരുപത്തി അഞ്ചു വയസ്സുമുതൽ മാരത്തൺ ഓടുന്നതാണ്. സെമി മാരത്തൺ best ടൈം 1:46:00 ആണത്രേ. കുറെ നാളായി ഫുൾ മാരത്തൺ ഓടിയിട്ട്. അടുത്ത മാസം സ്റ്റോക്ക്ഹോമിൽ ഫുൾ മാരത്തൺ ഓടാമെന്നു മകന് വാക്കു കൊടുത്തത്രെ. അത് കൊണ്ട് പ്രാക്ടീസ് ആയി വന്നതാണ്. ആള് ഇന്ത്യയിൽ ഇതുവരെ പോയിട്ടില്ല, ഒരിക്കൽ പോകും എന്നൊക്കെ പറഞ്ഞു. എൻറെ കൂടെ സ്പീഡ് പിടിച്ച് ഓടാനുള്ള തത്രപ്പാടിലാണ് ചേച്ചി. പക്ഷെ അത് നന്നായി. പതിനെട്ട് കിലോമീറ്റർ കൃത്യം രണ്ട് മണിക്കൂറിൽ എത്തി. കഴിഞ്ഞ തവണത്തേക്കാൾ രണ്ട് മിനുട്ട് മുൻപെത്തി. അത് കൊണ്ട് തന്നെ ഒന്ന് രണ്ട് മിനുട്ട് മുൻപ് എത്താമെന്ന്ഫിനിഷ് ചെയ്യാമെന്ന് വിശ്വാസം തോന്നി.കൂടാതെ കൂടെയുള്ള ഇറ്റലിക്കാരി നല്ല മൂഡിലാണ്. എനിക്ക് ഓടുമ്പോൾ അധികം വർത്തമാനം പറയുന്നത് ഇഷ്ടമല്ല. ഇരുപതു കിലോമീറ്റർ വരെ ഇറ്റലിക്കാരി കൂടെയുണ്ടായിരുന്നു. ഒരേ സ്പീഡിൽ ഓട്ടം. ഏകദേശം ഏഴു മിനുട്ട് ഒരു കിലോമീറ്ററിന് വച്ചാണ് പതിനഞ്ച് കിലോമീറ്റർ മുതലുള്ള ഓട്ടം. 8.5 കിലോമീറ്റർ ഒരു മണിക്കൂറിൽ.

പതിനെട്ട്കിലോമീറ്റർ എത്തിയപ്പോൾ കൂട്ടത്തിൽ ഒരു അറുപത്തി അഞ്ച്- എഴുപത് വയസ്സുള്ള ഫ്രാൻസുകാരി അമ്മൂമ്മയും എത്തി. നേരത്തെ പത്ത് കിലോമീറ്ററിന് മുൻപ് തന്നെ കണ്ടതാണ് അമ്മൂമ്മയെ. ഒരേ പോലെ നല്ല സ്പീഡിലുള്ള നടത്തമായിരുന്നു അമ്മൂമ്മ. പക്ഷെ എന്നോടൊപ്പം വീണ്ടുമെത്തി. അമ്മൂമ്മ കോമ്പറ്റിഷനിലാണ്. ഇരുപത് കിലോമീറ്റർ ആയപ്പോൾ കാലു മുൻപോട്ട് പോകുന്നില്ല. അൽപ്പം സ്പീഡ് കുറഞ്ഞതായി തോന്നി. ഫിനിഷിങ് പോയന്റിൽ നിന്നും ഒരു ഇരുനൂറ് മീറ്റർ അടുത്ത് എത്തിയപ്പോൾ അമ്മൂമ്മ എന്നെ കടന്നു പോകാൻ നോക്കി അടിച്ചു വിടുകയാണ്. പിന്നെ ഒറ്റ ഓട്ടമായിരുന്നു. ഫോട്ടോ കണ്ടപ്പോൾ ബഹുരസം. ആ അമ്മൂമ്മ ഫിനിഷിങ് പോയന്റിൽ എൻറെ തൊട്ടുപിറകിൽ ഉണ്ട്.ഏകദേശം രണ്ടു മണിക്കൂർ ഇരുപത്തി മൂന്ന് മിനുട്ടിൽ ഫിനിഷ് ചെയ്തു. ഫിനിഷിങ് പോയന്റിലെ ക്ലോക്കിൽ അപ്പോൾ സമയം കാണിച്ചത് 2:45:39 . എട്ട് മുപ്പതിന് തുടങ്ങിയ ഓട്ടം. 2:45:39 ആകുമ്പോൾ 11:15:39. അതായത് 8:52 നു തുടങ്ങിയ ഞാൻ 2:23:39 എടുത്ത് ഫിനിഷ് ചെയ്തു.

കൂടെ ഗോമ്പറ്റിഷനു വന്ന അമ്മൂമ്മ അമ്മൂമ്മ 2:34:03 നും ഇറ്റലിക്കാരി ചേച്ചി 2:33:38 നും ഫിനിഷ് ചെയ്തു.

രണ്ട് ദിവസമായി മഴ ആയിരുന്നു. രാത്രിയിലും മഴ പെയ്തു. പക്ഷെ ഓട്ടത്തിനിടെ മഴ ഒട്ടും പെയ്തില്ല, മൂടിക്കെട്ടിയ കാലാവസ്ഥ. ചെറിയ തണുപ്പും. ഓടാൻ പറ്റിയ കാലാവസ്ഥ ആയിരുന്നു.

ഫിനിഷിങ് പോയന്റിൽ വച്ച് രണ്ട് ഡൽഹിക്കാരെ കണ്ടു. ചെറുപ്പക്കാർ. മാരത്തൺ ഓടാനും സ്വിറ്റ്സർലൻഡ് കാണാനും കൂടി വന്നവർ. ഇങ്ങോട്ട് വന്നു പരിചയപ്പെട്ടതാണ്, പക്ഷെ കൂടുതൽ സംസാരിക്കാൻ അവർ താത്പര്യം കാണിച്ചില്ല. അതുകൊണ്ട് പിന്നെ വിട്ടു. പിന്നീട് നോക്കിയപ്പോൾ മറ്റൊരു സഹപ്രവർത്തകൻ. തമിഴനാണ്. അഞ്ചു കൊല്ലം മുൻപ് ഒരു നൂറ്റി ഇരുപത് കിലോ ഉണ്ടായിരുന്നയാൾ. ആറടിയിൽ കൂടുതൽ ഉയരം. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ പുള്ളിയെ കണ്ടപ്പോൾ ആളെ മനസ്സിലായില്ല. അതുപോലെ മെലിഞ്ഞു. മൂന്നാലു മാസം കണ്ടിട്ടേയില്ലായിരുന്നു. അന്ന് മുപ്പത്തി അഞ്ചോ മറ്റോ പ്രായം. ആള് ഇടയ്ക്കിടെ ഉച്ച സമയത്ത് എട്ടുനിലയിലെ സ്റ്റെപ്പുകൾ എല്ലാം കയറി ഇറങ്ങുന്നതും ഇടയ്ക്ക് ഓടുന്നതും ഒക്കെ കാണാറുണ്ട്. ആളുടെ ആദ്യ ഹാഫ് മാരത്തൺ ആണത്രേ. കക്ഷി 2:29:00 നടുത്ത് ഫിനിഷ് ചെയ്തു എന്ന് പറഞ്ഞു.

പേടിച്ചാണ് മാരത്തൺ വെബ്‌സൈറ്റിൽ സമയം നോക്കിയത്. പേര് കണ്ടപ്പോൾ സന്തോഷിച്ചെങ്കിലും സമയം നോക്കിയപ്പോൾ 2:45:39! അതായത് 8:30 വച്ച് മാത്രമേ കണക്കാക്കുവത്രെ. താമസിച്ച് വന്നതിന് ഇരുപത്തി രണ്ട് മിനുട്ട് ഫൈൻ. അവരുടെ കണക്കനുസരിച്ച് 5184 പേരിൽ 5141 റാങ്കിൽ ഫിനിഷ് ചെയ്തു. എന്നേക്കാൾ പിറകിൽ 43 പേരുണ്ട്. പക്ഷെ എൻറെ കണക്കനുസരിച് റാങ്ക് 4800നടുത്ത് വരും. പിറകിൽ മുന്നൂറ്റി എൺപത് പേരോളം

പതിനഞ്ച് കിലോമീറ്റർ കഴിഞ്ഞപ്പോൾ മുതൽ നെഞ്ചിലൊരു നീറ്റൽ ഉണ്ടായിരുന്നു. കാര്യം മനസ്സിലായി. ഓട്ടത്തിന്റെ തിരക്കിൽ ശ്രദ്ധിച്ചില്ല. വീട്ടിൽ വന്നു ബനിയൻ ഊരിയപ്പോൾ വെള്ള ബനിയനിൽ ചോര.

അൽപ്പം കട്ടികൂടിയ തണുപ്പത്ത് ഇടുന്ന ബനിയനാണ് ഇട്ടത്. ചുരുക്കത്തിൽ നെഞ്ചത്തെ രണ്ട് "ജി" സ്പോട്ടിലും തൊലി പോയി നീറുന്നു. മൂന്നാല് ദിവസമെടുക്കും മാറണേൽ.

ഇതൊരു പ്രശ്നമാണ്. കഴിഞ്ഞ രണ്ട് തവണയും പ്രശ്നമായിരുന്നെങ്കിലും ഇത്രയും തോന്നിയില്ല. പതിനഞ്ച് കിലോമീറ്ററൊക്കെ ഓടുമ്പോഴേയ്ക്കും നെഞ്ച് ഉരഞ്ഞ് ഒരു പരുവമാകും. ഒരു കാര്യം തീരുമാനിച്ചു - അടുത്ത ഓട്ടത്തിന് വല്ല പ്ലാസ്റ്ററോ വല്ലോം ഉപയോഗിക്കണം. കൂടാതെ നല്ല അയഞ്ഞ ടീ ഷർട്ട് മാത്രമേ ഇടൂ. എങ്കിലും അത്ര രക്ഷ ഉണ്ടെന്ന് തോന്നുന്നില്ല....

വീട്ടിലെത്തി ഐഫോണിലെ സമയവും സ്പീഡും ഒക്കെ ഒന്ന് വിശകലനം ചെയ്തു. ആദ്യ ഇരുപത്തി രണ്ട് മിനുട്ടാണ് ഏറ്റവും സ്പീഡിൽ ഓടിയത്. ഏകദേശം മണിക്കൂറിൽ പത്ത് കിലോമീറ്റർ സ്പീഡിൽ. പിന്നീട് പതിമൂന്ന് കിലോമീറ്റർ എത്തുന്നതിനിടെ നാൽപ്പത് മിനുട്ട് മണിക്കൂറിൽ ഒൻപത് കി മീ വച്ച് ഓടിയിട്ടുണ്ട്. അറുപത് മിനുട്ട് ഓട്ടം മണിക്കൂറിൽ ഏകദേശം 8.8 കി മീ സ്പീഡ് ഉണ്ടായിരുന്നു. ഇരുപതാം കിലോമീറ്ററിൽ അൽപ്പം കുറഞ്ഞ് 8.6 സ്പീഡ്. പക്ഷെ പതിനാലാം കിലോമീറ്ററിൽ പത്ത് മിനുട്ട് കൊണ്ട് കവർ ചെയ്തത് 1.1 കി മീ (മണിക്കൂറിൽ വെറും 6.5 കി മീ) എന്ന് വിശ്വസിക്കാൻ പ്രയാസം. ഇടയ്ക്ക് വെള്ളം കുടിക്കാനും നിറയ്ക്കാനും മുപ്പത് സെക്കൻറ് നിന്നിട്ടുണ്ടാകണം, എങ്കിലും ഒരു ഏഴര എട്ട് കി മീ സ്പീഡ് കിട്ടിക്കാണണം. പത്ത് കി മീ കഴിഞ്ഞുപയോഗിച്ച രണ്ടാസ്റ്റിക്ക് പക്ഷെ പറയുന്നത് പതിനാലാം മണിക്കൂറിൽ 8.5 കി മീ സ്പീഡ് ഉണ്ടായിരുന്നു എന്നാണ്. രണ്ടാസ്റ്റിക്ക് പ്രകാരം രണ്ടാമത്തെ ഭാഗം (11.1 കി മീ) ഓടിയത് ശരാശരി മണിക്കൂറിൽ 8.6 കി മീ സ്പീഡിലാണ് (കി മീ / 6.58 മിനുട്ട്). പതിമൂന്നാം കിലോമീറ്റർ ഉഗ്രൻ സ്പീഡിൽ തന്നെ- മണിക്കൂറിൽ 11 കി മീ സ്പീഡ്. ഒരു പക്ഷെ അതായിരിക്കണം ഏറ്റവും സ്പീഡിൽ ഓടിയ കിലോമീറ്റർ. നല്ല ഇറക്കമായിരുന്നു.

രാത്രി ആയപ്പോഴേയ്ക്കും കാലിലെ മസിലിനൊക്കെ ഒരു ചെറിയ വേദന തുടങ്ങി. പക്ഷെ ഇന്നും വലിയ കുഴപ്പമില്ല.
*
ഗുണപാഠം:
1. എവിടെ പോകണമെങ്കിലും സമയത്തിന് പുറപ്പെടണം. അവസാന നിമിഷ ഉപദേശങ്ങൾ കേൾക്കരുത്.
2. സംശയം തോന്നിയാൽ ഉടനെ ചോദിക്കണം. രണ്ടോ മൂന്നോ മിനുട്ട് കഴിഞ്ഞാൽ പിന്നെ ആരും നമ്മക്ക് വേണ്ടി വെയ്റ്റ് ചെയ്യില്ല.
3. ദീർഘ ദൂര ഓട്ടത്തിന് ലൂസ് ആയിട്ടുള്ള ടോപ്പ് ഇടണം.5/9/17
8 Photos - View album

Comments

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു