ലോസാൻ മാരത്തൺ - രണ്ടാമത്തെ ഹാഫ് മാരത്തൺ ഓട്ടം

അങ്ങിനെ അത് കഴിഞ്ഞു. ലോസാൻ മാരത്തൺ,ഹാഫ് മാരത്തൺ ഓട്ടം 2:37:31! മേ യിൽ ജനീവയിൽ ഓടിയതിനേക്കാൾ പന്ത്രണ്ട് മിനുട്ട് കൂടുതൽ എടുത്തു 21.1 കി മീ ഓടിത്തള്ളാൻ.

മേയിൽ ഓടുന്നതിന് മുൻപ് പതിനാല് ആഴ്ച കൊണ്ട് 350 കിലോമീറ്റർ ഓടിയിരുന്നു. അതിൽ തന്നെ ഏപ്രിൽ മാസം മൂന്ന് തവണ പത്ത് കിലോമീറ്ററും ഒരിക്കൽ പതിനഞ്ചും ഒരു പ്രാവശ്യം 21 കിലോമീറ്ററും ഓടി. അപ്പോഴാണ് ഒരു കോൺഫിഡൻസ് വന്നത്.

ഇത്തവണ പൂര ഉഴപ്പായിരുന്നു. ജൂണിൽ നാല് തവണ, ജൂലൈ രണ്ട് തവണ, ആഗസ്റ്റ് മൂന്നു തവണ പത്ത് കിലോമീറ്റർ വച്ച് ഓടിയിരുന്നെങ്കിലും സെപ്റ്റമ്പർ യാത്രയും ഉഴപ്പും ഒക്കെയായി ആകെ പതിമൂന്നു കിലോമീറ്റർ മാത്രമേ ഓടിയിരുന്നുള്ളു. സ്പീഡ് കൂട്ടാൻ ശ്രമങ്ങൾ നടത്തിയപ്പോൾ രണ്ട് കാലിലെയും ആങ്കിളിന് ചെറിയ വേദന തുടങ്ങി. കൂടാതെ നല്ല പുതിയ ഷൂസ് വാങ്ങി. അത് കാലിന് അത്ര പിടിക്കാത്തത് ഒരു കാരണമാകാം എന്ന് ഓട്ടക്കാർ പറയുന്നു. ഒക്ടോബറിൽ രണ്ട് തവണ വീണ്ടും പത്ത് കിലോമീറ്റർ ഓടി. സാധാരണ സ്പീഡ് പത്ത് കിലോമീറ്ററിന് 55 to 58 മിനുട്ട് ആക്കി കുറച്ചിരുന്നു. പക്ഷെ ഇതൊന്നും ലോസാനിൽ ഓടാൻ പോയപ്പോൾ കണ്ടില്ല.
ആദ്യ രണ്ട് കിലോമീറ്റർ പതിനൊന്നര മിനിറ്റിൽ, മൂന്ന് കിലോമീറ്റർ 18 മിനുട്ടിൽ. അപ്പോൾ കുഴപ്പമില്ലെന്ന് തോന്നിയെങ്കിലും പിന്നെ പതുക്കെയായി. അണയ്ക്കാൻ തുടങ്ങി. ആദ്യ നാലര കിലോമീറ്റർ നിൽക്കാതെ ഓടി, പിന്നെ പതുക്കെ ഒരു പത്തിരുപത് സെക്കന്റ് നടന്നു. ദാഹം കലശ്ശലായി. നല്ല തണുത്ത കാറ്റ്. വായൊക്കെ ഉണങ്ങി. അഞ്ച് കിലോമീറ്റർ എത്തിയാൽ വെള്ളം കിട്ടും. ഒരു വിധത്തിൽ മുപ്പത്തി ഒന്ന് മിനുട്ട് കൊണ്ട് അഞ്ചു കിലോമീറ്റർ ഓടി. മെയിൽ ഓടിയതിനേക്കാൾ നാൽപ്പതു സെക്കൻറ് കൂടുതൽ എടുത്തു. എങ്കിലും ഓടി കഴിഞ്ഞ തവണത്തെ ടാർഗറ്റ് 2:25:34 എത്തിക്കാമെന്ന് തോന്നി. അടുത്ത ഓരോ കിലോമീറ്ററും കഠിനമായിത്തുടങ്ങി. എട്ടു കിലോമീറ്റർ വരെ ഏഴ് മിനുട്ടിൽ കൂടുതൽ എടുത്തിരുന്നില്ല. ഏകദേശം 9 കിലോമീറ്റർ/ മണിക്കൂർ. 9, 10 സ്പീഡ് വീണ്ടും കുറയ്‌ക്കേണ്ടി വന്നു. ഒരുമാതിരി നല്ല കയറ്റം. ഒരു വിധത്തിൽ 67 മിനുട്ട് കൊണ്ട് 10 കിലോമീറ്റർ കടന്നു. ജനീവയിൽ ഓടിയതിനേക്കാൾ ഒരു മിനുട്ടിലധികം കൂടുതൽ എടുത്തു. എങ്കിലും 2:30:00 നകത്ത് കടന്നു കൂടാമെന്നു തോന്നി.കാലിലെ ആങ്കിൾ ചെറുതായി വേദന തുടങ്ങി. വെള്ളം കുടിച്ച് വീണ്ടും ഓട്ടം. ജനീവ തടാകത്തിൻറെ വശങ്ങളിലൂടെയാണ് മുഴുവൻ ഓട്ടം. മറുവശത്ത് മുഴുവൻ മുന്തിരിത്തോട്ടങ്ങൾ. തണുപ്പ് തുടങ്ങിയതിനാൽ അത്ര ഭംഗി തോന്നിയില്ല. അത് തന്നെയല്ല, ക്ഷീണം കൊണ്ട് അത്ര ഭംഗി ആസ്വദിക്കാനുള്ള അവസ്ഥയിലായിരുന്നില്ല. ഫോട്ടോ ഒന്നുരണ്ടെണ്ണം എടുത്തെങ്കിലും പിന്നെ അതിനുള്ള മൂഡ് തോന്നിയില്ല.


9 മുതൽ 13 കിലോമീറ്റർ വരെ ഏകദേശം 8.5 കിമീ/ മണിക്കൂർ ഓടി. ഒരു രക്ഷയുമില്ലാതെ മസിലുകൾ പിടിക്കുമോ എന്ന് തോന്നി. ഓട്ടം തുടങ്ങുന്നതിനു മുൻപും ഓട്ടത്തിനിടയിലും നന്നായി വെള്ളവും ജ്യൂസും ഒക്കെ കുടിച്ചിരുന്നതാണ്. ഓട്ടം അൽപ്പം സ്ലോ ആക്കാതെ തരമില്ലെന്നായി. 90 മിനുട്ടിൽ 13 കിലോമീറ്റർ എത്തി. 14 മുതൽ 18 വരെ ഏകദേശം 8 കി മീ സ്പീഡ് ആയി. രണ്ട് മണിക്കൂർ ആയപ്പോഴേയ്ക്കും 17 കിലോമീറ്റർ മാത്രമേ കഴിഞ്ഞുള്ളു. ജനീവയിൽ രണ്ട് മണിക്കൂർ കൊണ്ട് 18 കിലോമീറ്റർ ഓടിയത് ഓർമ്മയിലെത്തി. പിന്നെയും നാല് കിലോമീറ്ററിലധികം. ഓട്ടത്തിന്റെ സ്പീഡും മസിലിൻറെ അവസ്ഥയും ഒക്കെ കണക്കാക്കി 2:30:00 നടക്കുമെന്നുള്ള വിശ്വാസം നഷ്ടപ്പെട്ടു. 2:35:00 പറ്റിയേക്കും എന്നൊരു തോന്നൽ.

പതിനെട്ട് കിമീ കഴിഞ്ഞപ്പോഴേയ്ക്കും മറ്റൊരു പ്രശ്‍നം- തണുത്ത കാറ്റും ഇടയ്ക്കുള്ള വെള്ളം കുട്ടിയും ഒക്കെ ആയപ്പോഴേയ്ക്കും മുള്ളാൻ മുട്ടിത്തുടങ്ങി. ജനീവയിൽ ആ പ്രശ്‍നം ഉണ്ടായിരുന്നില്ല. ചിലർ സൈഡിലെ കാട്ടിൽ കയറി സാധിക്കുന്നത് കണ്ടിരുന്നു. ലോസാനിൽ അതിനുള്ള സ്ഥലം ഇല്ല. രണ്ട് സൈഡിലും വീടുകൾ. ഭാഗ്യത്തിന് ഒരു ടെമ്പററി ടോയിലറ്റ് കണ്ടു, അതിൽ ആളില്ലായിരുന്നതിനാൽ ഇടിച്ചു കയറി. ഒന്നൊന്നര മിനുട്ട് അങ്ങിനെ കളഞ്ഞു. എങ്കിലും കാലിനും വയറിനും മനസ്സിനും എല്ലാം ഒരു ആശ്വാസം. പിന്നെയും രണ്ട് കിലോമീറ്റർ. 19 കിമീ ആയപ്പോഴേയ്ക്കും എന്നാൽ ഭാര്യയെ വിളിച്ച് പതിനഞ്ച് ഇരുപത് മിനിറ്റിനകം എത്തുമെന്ന് പറയാമെന്ന് കരുതി നോക്കിയതും ഫോൺ ബാറ്ററി ചാർജ് തീർന്നു. പിന്നെ സമയമറിയാൻ വഴിയുമില്ല. എങ്കിലും 2:18:30 എന്ന് മിന്നായം പോലെ കണ്ടിരുന്നു. 19 ആം കിമീ 9.40 മിനുട്ട് കൊണ്ടാണ് തീർത്തത്! 6.2കി മീ/ മണിക്കൂർ. കാലിലെ മസിൽ പിടിക്കുമോ എന്ന പേടിയും തുടങ്ങി. അതുകൊണ്ട് തന്നെ പതുക്കെ മതിയെന്ന് കരുതി. പിന്നെയും ഒരു ഇരുപത് മിനുട്ട് എടുക്കും എന്ന് തോന്നി. അവസാനം ഫിനിഷിംഗ് പോയന്റിൽ സമയം കണ്ടപ്പോൾ ഏകദേശം 2:37:00 നടുത്ത് ഫിനിഷ് ചെയ്‌തെന്ന് മനസ്സിലായി.

@near point
*
ഇപ്രാവശ്യം കൃത്യമായ ട്രെയിനിങ് ഇല്ലാഞ്ഞത് പത്ത് കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞു തുടങ്ങി. ഒന്ന് രണ്ട് പ്രാവശ്യമെങ്കിലും പതിനഞ്ച് കിമീ ഓടേണ്ടതായിരുന്നു. അഞ്ചു മാസം മുൻപ് ഹാഫ് മാരത്തൺ ഓടിയ തഴമ്പും കൊണ്ട് ഓടാൻ ശ്രമിക്കരുത്! നന്നായി ട്രെയിൻ ചെയ്യണം. ഞാൻ ജിമ്മിലെ ട്രെഡ്മില്ലിലാണ് ഓടുന്നത്. അത് ഇഞ്ചുറി കൂട്ടാൻ സാധ്യതയുണ്ടാക്കുന്നു. പ്രത്യേകിച്ചും ഇത്രയും ദൂരം ഓടുമ്പോൾ. എനിക്ക് ഒറ്റയ്ക്ക് പുറത്ത് ഓടാൻ അത്ര താത്പര്യമില്ല. നാലഞ്ച് കി മീ ആകുമ്പോഴേയ്ക്കും മടുക്കും. മാരത്തൺ കൂടുതൽ ആളുകൾ ഉള്ളത് കൊണ്ട് രസമാണ്. വെയ്റ്റ് കഴിഞ്ഞ മെയിലെക്കാൾ ഇടയ്ക്ക് നാല് കിലോ കുറച്ചെങ്കിലും വീണ്ടും മൂന്ന് മൂന്നര കിലോ തിരിച്ചു വന്നു. അത് കൊണ്ട് അൽപ്പം ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. മെയിൽ ഓടി തിരിച്ച് കൂളായി വന്നതാണ്. പക്ഷെ ഇന്ന് കാലിലെ മസിലിനും ആങ്കിളിനും ചെറിയ നാഗിങ് വേദനയുണ്ട്. രണ്ട് ദിവസം കൊണ്ട് മാറുമായിരിക്കും.

*
അൻപത് വയസ്സിന് മുൻപ് ഒരു ഫുൾ മാരത്തൺ ഓടണമെന്ന് വിചാരിച്ചിരുന്നു. പക്ഷെ ഹാഫിൽ കൂടുതൽ ഓടാൻ പറ്റുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ഒരു പത്ത് കിലോ കുറയ്ക്കണം. അതീ ജമ്മത്ത് നടക്കൂല. അടുത്ത ഒരു ഹാഫ് മാരത്തൺ (മെയ്, 2017) കഴിഞ്ഞ ശേഷം ഒരു പക്ഷെ പറ്റുമെങ്കിൽ പത്ത് കിമീയിലേക്ക് മാറും. നമ്മളെക്കൊണ്ട് അത്രയൊക്കെയേ പറ്റൂന്ന് തോന്നുന്നു. നോക്കട്ടെ :-)
*

പറയാതിരിക്കാൻ തരമില്ല- ഒരു മെന കെട്ട  ടീ ഷർട്ട് ആയിരുന്നു ലോസാനിലേത്. അതുപോലെ തന്നെ ജനീവയെക്കാൾ വളരെ മോശം സർവീസും. ജനീവയിലെ ആവേശം ഒന്നും ലോസാനിൽ കണ്ടില്ല. വഴിയിൽ വളരെ കുറച്ച് ആളുകൾ മാത്രം. കൂടാതെ സ്പീഡ് കുറവുള്ളവരെ അവസാന ബ്ലോക്ക് ആയി വിടുന്നത് കൊണ്ട് അധികം ഓട്ടക്കാർ ഇല്ല. പതിമൂന്ന് പതിനാല് കിമീ കഴിഞ്ഞപ്പോഴേയ്ക്കും പലപ്പഴും വളരെ കുറച്ച് ഓട്ടക്കാർ മാത്രമേ കാണൂ മുന്നിലും പിന്നിലും. ബാക്കിയുള്ളവർ അപ്പഴേ അങ്ങെത്തിക്കാണും. ജനീവയിൽ എല്ലാവരും ഒന്നിച്ച് ഓടും. അത് കൊണ്ട് തന്നെ താമസിച്ച് ഓടിത്തുടങ്ങിയ കുറേപ്പേരെ നമ്മുടെ പിറകിൽ കാണും.

Comments

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു