ആദ്യ ദീർഘദൂര ഓട്ടം

മേയ്  രണ്ടിന് ജനീവ മാരത്തണിൽ പത്തു കിലോമീറ്റർ ഓടിയത് വളരെ ആത്മവിശ്വാസം തന്നു എന്ന് തന്നെ പറയാം. കഴിഞ്ഞ ജൂലൈ പതിനാറിന് തുടങ്ങിയ ഫിറ്റ്നസ് പരിപാടിയും കൂട്ടത്തിൽ ഫുഡ്‌ കൊണ്ട്രോൾ ചെയ്തതും വളരെ പെട്ടന്ന് തന്നെ വെയ്റ്റ് കുറയ്ക്കാൻ സഹായിച്ചു. ഒക്ടോബർ ആയപ്പോൾ രണ്ടു മൂന്നു പ്രാവശ്യം ഒരു മണിക്കൂർ കൊണ്ട് 8-8.5 കി മീ ഓടി. നവമ്പറിൽ കൊച്ചി മാരത്തണിൽ പ്ലസിലുള്ള പയ്യൻമാര് വെറും അഞ്ചു കി മീ ഓടി വല്യ നമ്പര് വിട്ടപ്പോൾ വെറുതെ ഇവിടെയുള്ള മാരത്തണ്‍ എപ്പോഴാണ് എന്ന് നോക്കി. ഉടനെ തന്നെ ഒരു പത്തു കി മി ഓടാൻ രെജിസ്റ്റർ ചെയ്തു. നവംബർ ആയപ്പോൾ തന്നെ ഏഴെട്ടു കിലോ വെയ്റ്റ് കുറഞ്ഞതു കൊണ്ട് മെയ് ആകുംപോഴെയ്ക്കും ഒരു പതിനഞ്ചു കിലോ വെയ്റ്റ് കുറയ്ക്കാം എന്നൊക്കെയുള്ള വ്യാമോഹവും  ഉണ്ടായിരുന്നു. ഏതായാലും ആറു മാസം കൊണ്ട് പത്തു കിലോ കുറച്ചെങ്കിലും ഫെബ്രുവരി, മാർച്ച്  മാസങ്ങളിലെ യാത്ര, കുറച്ചു സമയം മാത്രമുള്ള ജിമ്മിൽ പോക്ക് (രണ്ടു മണിക്കൂർ പോയിരുന്നത് ഇപ്പോൾ 75-90 മിനുട്ട് ആണ്), ഫുഡ്‌ നിയന്ത്രണത്തിലുള്ള വീഴ്ചകൾ എന്നിങ്ങനെയുള്ള കുരുക്കുകൾ കാരണം കുറച്ച ഒരു മൂന്നു കിലോ തിരിച്ചു വന്നു. 
**

മാർച്ച് ആയപ്പോൾ മെയ് രണ്ടിന് 10 കി മീ ഓടണമല്ലോ, അതിന് പരിശീലിക്കാം  എന്നൊക്കെ ഓർത്ത് വീണ്ടും പതിനഞ്ചും ഇരുപതും മിനുട്ട് ജിമ്മിൽ ഓടാൻ തുടങ്ങി.  പക്ഷെ ആകെ പതിമൂന്നോ പതിനാലോ ദിവസമേ ജിമ്മിൽ പോയുള്ളൂ. ഏപ്രിലും തഥൈവ. ഏപ്രിൽ അവസാന ആഴ്ച വരെ ഇടയ്ക്കിടെ പത്തോ ഇരുപതോ മിനുട്ട് മാത്രം ഓടി. ജിമ്മിൽ പോകുന്ന എല്ലാ ദിവസവും 30-40 മിനുട്ട് സൈക്കിൾ ചവിട്ടി. ജിമ്മിൽ തുടർച്ചയായി ഓടാനും സ്പീഡിൽ ഓടാനും കഴിയില്ല. പിന്നെ ഏപ്രിൽ മുപ്പതിന് എന്തും വരട്ടെ എന്ന് കരുതി ഓടി. 72 മിനുട്ടിൽ 9.25 കി മീ ഓടി. അതിൽ ആറോ ഏഴോ മിനുട്ട് മാത്രമേ നടന്നുള്ളൂ. വീണ്ടും ഓടാനുള്ള ഊർജം ഉണ്ടായിരുന്നു. അപ്പൊ ഒരു 75- 80 മിനുട്ടിൽ ഓടിയും നടന്നും അങ്ങ് ചെന്ന് പറ്റാം എന്നൊരു തോന്നൽ ഉണ്ടായിരുന്നു. വെളിയിൽ ഒരിക്കൽ പോലും ഓടി പ്രാക്ടീസ് ചെയ്തിരുന്നില്ല. പിറ്റേന്ന് മസിലിനൊക്കെ ചെറിയ വേദന. മുട്ടിന് ഒരു ചെറിയ പ്രശ്നം. പിന്നെ ഒരു ദിവസം ജിമ്മിൽ പോകാതെ റസ്റ്റ്‌. നോക്കി പറ്റിയില്ലെങ്കിൽ പതുക്കെ ഇങ്ങു പോരാം എന്ന് ഒരു തോന്നൽ. 
****

രണ്ടാം തീയതി രാത്രി ഒൻപതു മണിക്ക് ഓട്ടം. രാവിലെ മുതൽ പല പണികൾ ചെയ്തു തീർക്കണം- ഷോപ്പിംഗ്‌, കൊച്ചിനെ ഒരു ടെസ്റ്റ്‌ എഴുതിക്കാൻ കൊണ്ടു പോകൽ, പിന്നെ ടീ ഷർട്ട് വാങ്ങാൻ പോകൽ എന്നിങ്ങനെ അവസാന നിമിഷം വരെ ബിസി. അതിനിടെ ഉച്ചയ്ക്ക് ഒന്നര മണിക്കൂർ ഉറക്കം. ഓട്ടത്തിന് രണ്ടു മൂന്നു മണിക്കൂർ മുൻപ് വരെ കട്ടിയായി ഒന്നും കഴിക്കരുത് എന്ന് വായിച്ചിരുന്നു. കഴിക്കാതെ ഓടരുത് എന്ന് ഭാര്യ. ചോറും ബീഫ് കറിയും ഉണ്ടാക്കിയത് വേണ്ടന്നു വച്ച് പെട്ടന്ന് oats കാച്ചി ഒരു ബൌൾ കുടിച്ചു.  പിന്നെ കഷ്ടിച്ച് രണ്ടു മണിക്കൂർ മാത്രം ഓട്ടത്തിന്. 

എട്ടു മണിയോടെ പതുക്കെ ഇറങ്ങാൻ തുടങ്ങിയപ്പോൾ പിള്ളേര് രണ്ടും ഭീകര ചിരി. അച്ഛൻ തമാശ പറയുന്നതാണ് എന്നാണ് അവർ വിചാരിച്ചതത്രേ. രാത്രി ഓടുന്നത് കൊണ്ട് അവരാരും വരുന്നില്ല എന്ന് തീരുമാനിച്ചു. കാർ പാർക്ക് ചെയ്ത് ട്രാം പിടിച്ച് സ്റ്റാർട്ടിംഗ് പോയന്റിൽ എത്താൻ പ്രതീക്ഷിച്ചതിലും വൈകി. 15 മിനുട്ട് ഇടവിട്ടാണ് ട്രാം. അതൊരെണ്ണം  മിസ്സ്‌ ചെയ്തു.കൃത്യം 8.58 നു സ്റ്റാർട്ടിംഗ് പോയന്റിനടുത്തുള്ള സ്റ്റോപ്പിൽ എത്തുന്ന ട്രാം കിട്ടി. അതിൽ ഓടാനുള്ള പത്തിരുപതു പേര് ഉണ്ടായിരുന്നു.  ഒരു നൂറു മീറ്റർ ഓടി സ്റ്റാർട്ടിംഗ് പോയന്റിൽ എത്തി. ഏകദേശം ഏറ്റവും പിറകിൽ തന്നെ സ്ഥാനം ലഭിച്ചു. 

രണ്ടായിരത്തിലധികം പേര് ഓടാൻ ഉണ്ടായിരുന്നതിനാൽ ഇരുനൂറു മുന്നൂറു പേരുടെ പല പല ബാച്ചിൽ ആയിരുന്നു ഓടാൻ തുടങ്ങിയത്. അങ്ങിനെ എത്ര നേരം നിന്നു  എന്ന് ഓർമ്മയില്ല. പതുക്കെ ആൾക്കൂട്ടം ഓടാൻ തുടങ്ങി. രാത്രി ആയതിനാൽ കൃത്യമായി സ്റ്റാർട്ടിംഗ് പോയന്റ്  കണ്ടില്ല. ഓട്ടത്തിനു സ്പീഡ് വച്ചപ്പോൾ വിചാരിച്ചു ഓട്ടം ശരിക്കും തുടങ്ങിയെന്ന്. പതുക്കെ സൈഡിൽ കൂടി ഇടം ഉണ്ടാക്കി മുന്നോട്ട് പോയി. അധികം വീതിയുള്ള വഴിയായിരുന്നില്ല. കൂടാതെ ചാറ്റൽ മഴയും. കയ്യിൽ ആകെ കരുതിയത്‌ ഫോണ്‍ മാത്രമായിരുന്നു. പലരും ജാക്കറ്റും പ്ലാസ്റ്റിക് കവറും ഒക്കെ ഇട്ടാണ് ഓടിയത്. ഏതായാലും ഓടുന്നെങ്കിൽ നനഞ്ഞു തന്നെ ഓടാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
***

ഒരു കിലോമീറ്റർ എന്ന് സൈഡിൽ ബോർഡ് കണ്ടപ്പോൾ സമയം 9:13. മുൻപിൽ കുറെയധികം ആളുകൾ ഉണ്ട്. കൂടാതെ ചെറിയ കയറ്റവും. രണ്ടു കിലോമീറ്റർ ആയപ്പോൾ സമയം വീണ്ടും നോക്കി - 9:20. വലത് കാൽ മുട്ടിൽ അതുവരെ ഉണ്ടായിരുന്ന വേദന പമ്പ കടന്നു. പിന്നെ ഓട്ടം കുറച്ചു സ്പീഡിൽ ആക്കി. ഒരു മാതിരി കയറ്റവും. നാല് കിലോമീറ്റർ എന്ന് ബോർഡ് കണ്ടു- സമയം 9:33. നല്ല കയറ്റമായി. കുറച്ചു കഴിഞ്ഞപ്പോൾ അണയ്ക്കാൻ തുടങ്ങി. അതിനിടെ oats തികട്ടി വരുന്നു. അത് വരെ വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. പതുക്കെ ഓട്ടം നിർത്തി ഒരു മിനുട്ട് നടന്നു, വീണ്ടും ഓടി. 5 കിലോ മീറ്റർ ആയപ്പോൾ സമയം 9:43. 43 മിനുട്ട് എടുത്തു എന്ന ചിന്തയിൽ പെട്ടന്ന് ഓടിക്കൊണ്ടു തന്നെ രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു. 

പിന്നെ ഉഗ്രൻ ഒരു ഓട്ടം. രണ്ടു കിലോമീറ്റർ ഇറക്കമായിരുന്നു. ബ്രേക്ക്‌ പിടിച്ചിട്ടും കിട്ടുന്നില്ല. ഏതായാലും മസിലിനും മുട്ടിനും ഒന്നും വേദനയില്ല. മഴ ആയിരുന്നതിനാൽ തെന്നുമോ എന്ന് പേടി ഉണ്ടായിരുന്നു. പലരെയും കടന്ന് പെട്ടന്ന് മുന്നോട്ടു പോയി. ഇടയ്ക്ക് നടക്കേണ്ടി വന്നില്ല. 8 കിലോമീറ്റർ എത്തിയപ്പോൾ സമയം 10:05.  ഫിനിഷിംഗ് പോയൻറ് ദൂരെ കാണാം. ഒറ്റ വിടീൽ വിട്ടു. പക്ഷെ അര കിലോമീറ്റർ ഓടിക്കാണും - അണയ്ക്കാൻ തുടങ്ങി, പിന്നെ ഒന്ന് രണ്ടു  മിനുട്ട് നടത്തം. വീണ്ടും ഓട്ടം. ഫിനിഷിംഗ് പോയന്റിൽ എത്തിയപ്പോൾ സമയം കാണിച്ചത് 10:18:30 എന്നോ മറ്റോ. ഏതായാലും 78 മിനുട്ടിൽ ഓടിയെത്തി എന്ന് വിചാരിച്ച് പതുക്കെ നടന്ന് രണ്ടു ഫോട്ടോ ഒക്കെ എടുത്ത് അവിടെ നിന്നും പോരുന്നു. 
**

വീട്ടിൽ വന്ന് വെബ്സൈറ്റിൽ നോക്കിയപ്പോൾ ഞാൻ തന്നെ ഞെട്ടി. എന്റെ സമയം 70 മിനുട്ട് 33 സെക്കൻറ്. ആദ്യ അഞ്ചു കിലോമീറ്റർ 36 മിനുട്ട് 29 സെക്കൻറ്. രണ്ടാം പകുതി 34 മിനുട്ട് 04 സെക്കൻറ്. ആൾത്തിരക്കായതിനാലും അവസാനം വന്നതിനാലും സ്റ്റാർട്ടിംഗ് പോയന്റിൽ എത്താൻ ഏഴെട്ടു മിനുട്ട് എടുത്തിട്ടുണ്ട്. റാങ്ക് 1983 (2180 പേരിൽ). എന്നെക്കാൾ പിറകിലായി ഓടിയത് ഇരുനൂറു പേര്.   Male, 40-49 വയസ്സ് കാറ്റഗറിയിൽ റാങ്ക് 278 (മുന്നൂറോളം പേരിൽ)  ഒരു പക്ഷെ ട്രെയിൻ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി സമയം മെച്ചപ്പെടുത്താമായിരുന്നു. 


ആകെ മൂന്നോ നാലോ മിനുട്ട് നടന്നു കാണണം, അതും നല്ല സ്പീഡിൽ തന്നെ. പിന്നെ അണയ്ക്കുന്നത് മാത്രമാണ് രണ്ടോ മൂന്നോ പ്രാവശ്യം പ്രശ്നം തോന്നിയത്. പക്ഷെ എങ്ങും അണച്ച് നിന്നില്ല. അഞ്ചു കിലോമീറ്ററോളം ഓടിയപ്പോൾ ചെറിയ തോതിൽ ഉണ്ടായിരുന്ന ചാറ്റൽ മഴ ഇടയ്ക്ക് നന്നായി പെയ്തത് ഞാൻ ആസ്വദിച്ചു. മഴ നനയുക എന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. അത് കൊണ്ടു ക്ഷീണം അറിഞ്ഞില്ല എന്ന് തന്നെ പറയാം. 
***
പത്തു കിലോമീറ്റർ 70-80  മിനുട്ടിൽ ഫിനിഷ് ചെയ്യാൻ അത്ര കാര്യമായ ദീർഘ ദൂര ഓട്ട പരിശീലനം വേണോ എന്ന് സംശയം. കൃത്യമായി മസിൽ സ്ട്രെങ്ങ്തെൻ ചെയ്യണം- കാലിലെയും കയ്യുടെയും അതുപോലെ ഹിപ്പ് മസിലുകൾ ഉറച്ചതാക്കണം.  അതുപോലെ തന്നെ കഴുത്തും തോളും വയറും മസിൽ സ്ട്രോങ്ങ്‌ ആക്കണം,  വെയ്റ്റ് കുറയ്ക്കണം, പിന്നെ ഇന്റെർവൽ ട്രെയിനിങ്ങും നടത്തിയാൽ ഓടാൻ പറ്റും എന്ന് തോന്നുന്നു. മത്സരം എന്നുള്ളത് ഒരു പരിധി വരെ നമ്മളെ അധികം ക്ഷീണംഅറിയിക്കാതെ കൊണ്ടു പോകും. മസിൽ സ്ട്രോങ്ങ്‌ ആണെങ്കിൽ വേദനയും ഒരുമാതിരി സ്പീഡിൽ ഒക്കെ പോയാൽ  അത്ര അറിയുമെന്ന് തോന്നുന്നില്ല.

ആഹാരം ശ്രദ്ധിക്കണം. നല്ല ആവിയുള്ള സ്ഥലങ്ങൾ ആണെങ്കിൽ വെള്ളം കൂടെ കരുതുന്നത് നല്ലതാണ്.
 ***
എന്ത് കൊണ്ടും വളരെ സന്തോഷം തരുന്നു ഈ പങ്കാളിത്തം, പ്രകടനം.  ഇനീം ഓടുമോ എന്ന് അറിയില്ല. വെയ്റ്റ് കുറയ്ക്കുകയാണ് ഇനി പ്രധാനം. ഇപ്പോൾ 81-82 കിലോയിൽ നില്ക്കുന്നു. ജൂലൈ ആദ്യം 72-73 ആക്കണം എന്നുള്ള ടാർഗറ്റ് മാറ്റി, 78-79 ആക്കാൻ പറ്റുമോ എന്ന് നോക്കുന്നു.  

Comments

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

ബ്ലോഗ് പൂട്ടിയിടുന്നു

പുഴ പറയാതിരിക്കുന്നത്.....