പുഴ പറയാതിരിക്കുന്നത്.....

നിങ്ങള്‍ പകുത്തെടുത്ത മണ്ണിന്‍റെ മാറിലൂടെ
താഴേയ്ക്കൊഴുകുമ്പോള്‍ നെഞ്ചു പിടയുന്നുണ്ട്
ഇങ്ങനെ ഒഴുകിയൊഴുകി,
പല മരങ്ങളെയും കടപുഴക്കി,
ആര്‍ത്തുല്ലസിച്ചു നടക്കുമ്പോഴും,
തിരിച്ചു വരാന്‍ കഴിയില്ലല്ലോ
എന്ന ചിന്ത വല്ലാതെ അലട്ടുന്നു......

മരണം എന്ന പ്രപഞ്ച സത്യത്തെ
എനിക്ക് ഭയമാണ്.....
പുതിയ വഴികള്‍ തേടി
അലയാന്‍ ശ്രമിക്കുമ്പോഴും,
ഇടയ്ക്കെവിടെയോ കണ്ടുമുട്ടിയ
പരല്‍ മീനുകളോടൊപ്പം സല്ലപിക്കുമ്പോഴും,
ആ സത്യത്തെ എങ്ങിനെ ഒഴിവാക്കാം
എന്നാണ് ചിന്തിക്കുന്നത്.....

വെറുതെ ഇക്കിളിയിടുമെങ്കിലും
പുലഭ്യം പറഞ്ഞിരിക്കുന്ന കൈതക്കൈകളോടും
മനസ്സുമരവിച്ച സന്യാസിക്കല്ലുകളോടും
എനിക്ക് സ്നേഹമാണെന്ന് ധരിക്കരുത്
സ്വയം അനങ്ങാന്‍ കഴിയാത്ത,
ജീവന്‍റെ വിവിധ ഭാവങ്ങളറിയാത്ത
അവയോട് സഹതാപമാണ്

നിങ്ങള്‍ പിടിച്ചൊതുക്കിയ
എന്‍റെ നിണമാര്‍ന്ന വഴികളില്‍
നിങ്ങളുടെ നിഴലുകള്‍ പോലും
വീഴുന്നത് അറപ്പാണ്
വിഷജലം കലര്‍ത്തുന്ന കുഴലുകള്‍
പിടയുന്ന എന്നിലെ ജീവനുകള്‍ക്ക്
വായു തരികയില്ലെന്നറിയാമല്ലോ
ഒന്നു മനസ്സിരുത്തി ശപിച്ചാല്‍
എന്‍റെ മജ്ജയില്‍ നിന്നും
പണിതുയര്‍ത്തിയ
നിങ്ങളുടെ ഈ സ്വപ്ന സൌധങ്ങള്‍
വെന്തു വെണ്ണീറാകും

നിങ്ങളിലൊരുവന്‍ പൊട്ടിച്ച തോട്ടയാല്‍
പിടഞ്ഞു ബോധം മറഞ്ഞ കരിമീനുകളെക്കാള്‍
കോപാഗ്നിയില്‍ ദാരികന്‍റെ തലയറുത്ത
കാളിയെയാണെനിക്കിഷ്ടം
പക്ഷെ, താളത്തില്‍ മേളത്തില്‍
പൊഴിയുവാന്‍ വെമ്പുന്ന
എന്‍റെ ജീവ രക്തമേ,
വയ്യ, ഇനി മടുത്തു.........
നീ ഇനി എനിക്കായ് താഴേയ്ക്കിറങ്ങണ്ട ..........
ഇവിടെ, ഇങ്ങനെ, ഞാന്‍ ഉണ്ടായിരുന്നെന്ന്
ഇവര്‍ ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തട്ടെ
എന്‍റെ മനോഹാരിതയെ
കവിപുംഗവന്‍മാര്‍ വാഴ്ത്തിപ്പാടുമ്പോള്‍
ദാഹിച്ചു വലയുന്ന ഇവരുടെ കുഞ്ഞുമക്കള്‍
ആ പുസ്തകങ്ങള്‍ കത്തിക്കട്ടെ
എനിക്കിനി ശാന്തമായുറങ്ങണം.........

*******
ആദ്യം പോസ്റ്റ് ചെയ്ത സമയം: 14/10/2008 ; 22:40

Comments

 1. നമുക്ക് മനസ്സിലാകാനാകാത്ത ചില മാനസീകാവസ്ഥകളിലേയ്ക്കൊന്ന് നടന്നുകേറിനോക്കുക ഒരു പ്രത്യേകാനുഭവമാണല്ലേ?
  (ഒരുവാക്കും മിണ്ടാതെപോയില്ലട്ടൊ)

  ReplyDelete
 2. നിളയെ കുറിച്ച് ഓര്‍ക്കുമ്പോ പലതും പറഞ്ഞതായി തോന്നാറില്ലേ ?

  ReplyDelete
 3. എല്ലാ പുഴകള്‍ക്കും ഇതുപോലെ പലതും പറയാനുണ്ടാകും...

  ReplyDelete
 4. പകുത്തെടുത്ത മനസ്സിന്റെ
  വ്യഥാകലുഷിതമായ വ്യാഖ്യാനങ്ങള്‍.....
  വല്ലാതെ നോവുന്നു......

  ReplyDelete
 5. നന്ദി ഭൂമിപുത്രി. അതെ അത് ഒരു അനുഭവം തന്നെ ആണ്.

  തരികിട, ശ്രീ: തീര്‍ച്ചയായും. വരവിന് നന്ദി

  രണ്‍ജിത് ചെമ്മാട്: അനുഭവം പങ്കുവച്ചതിനു നന്ദി.

  ReplyDelete
 6. പുഴകള്‍ക്ക് ജീവന്‍ വച്ചപോലെ! എത്ര മനോഹരമായി
  എഴുതിയിരിക്കുന്നു!
  ‘അനുമോദനങ്ങള്‍’

  ReplyDelete
 7. "കോപാഗ്നിയില്‍ ദാരികന്‍റെ തലയറുത്ത
  കാളിയെയാണെനിക്കിഷ്ടം ......"

  ശ്രീ വല്ലഭന്‍,
  വായിക്കാന്‍ വൈകി വളരെ നല്ല ആശയം മനസ്സില്‍ തട്ടും വിധം കുറിച്ചു,
  അഭിനന്ദനങ്ങള്‍!.
  അതെ, ജീവിത നദിയില്‍ പല പരല്‍മീനുകളും, പാറകൂട്ടങ്ങളും,കൈതക്കാടുകളും, കടപുഴകിയ മരങ്ങളും.....
  മരണത്തെ സ്നേഹിക്കുന്നതാ ഭയക്കുന്നതിലും നല്ലതെന്ന് തോന്നിപ്പോകുന്നു...
  നല്ലൊരു കവിത "പുഴ പറയാതിരിക്കുന്നത്..."
  പറഞ്ഞതിനു നന്ദി ... വായിച്ചത് മനസ്സില്‍ വല്ലാതെ തട്ടി കമന്റ് നീ‍ണ്ടുപോകുന്നു......

  ReplyDelete
 8. ഇതു വരെ ഇവിടെ വരാന്‍ പറ്റിയില്ല. താങ്കളുടെ കമന്റുകള്‍ മറ്റുപല ബ്ലോഗില്‍ നിന്നും വായിച്ചിരുന്നു. ഇനി സ്ഥിരം കുറ്റിയാകും ഞാന്‍ കേട്ടൊ. ബ്ലോഗ് ജയന്തി വായിച്ചു. വെടിക്കെട്ടു കലക്കി.
  കവിത നന്നായി.

  ReplyDelete
 9. ഒരോ പുഴയ്ക്കും പറയാൻ ഒരോ അനുഭവങ്ങൾ ഉണ്ടാകും

  ReplyDelete
 10. എല്ലാ പുഴകളും ഇങ്ങനെ എത്ര കരയുന്നുണ്ടാകും

  ReplyDelete
 11. എന്‍റെ മനോഹാരിതയെ
  കവിപുംഗവന്‍മാര്‍ വാഴ്ത്തിപ്പാടുമ്പോള്‍
  ദാഹിച്ചു വലയുന്ന ഇവരുടെ കുഞ്ഞുമക്കള്‍
  ആ പുസ്തകങ്ങള്‍ കത്തിക്കട്ടെ
  എനിക്കിനി ശാന്തമായുറങ്ങണം.........

  ippozhanu kandathu, nannayirikunnu ee varikal

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

ബ്ലോഗ് പൂട്ടിയിടുന്നു