ബ്ലോഗ് ജയന്തി

അങ്ങിനെ ഞാനും ബ്ലോഗില്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്!
ഒക്ടോബര്‍ ആറാം തീയതി ശനിയാഴ്ച വെറുതെയിരുന്നപ്പോള്‍ ബ്ലോഗര്‍.കോമില്‍ പോയി ബ്ലോഗ് തുടങ്ങുന്നത് എങ്ങിനെ എന്ന് നോക്കി. ഇതിന് മുന്‍പും പല പ്രാവശ്യം നോക്കിയിരുന്നെങ്കിലും ഇവിടെ ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു ബ്ലോഗ്ഗറില്‍ ഇന്‍സ്ട്രക്ഷന്‍സ് കാണിച്ചിരുന്നത്. അതിനാല്‍ പലപ്പോഴും പാതി വഴി പരിശ്രമം ഉപേക്ഷിച്ചിരുന്നു. ജോസഫ് എന്ന സുഹൃത്തിന്‍റെ ഇംഗ്ലീഷ് ബ്ലോഗ് കണ്ടിട്ടാണ് ബ്ലോഗ് തുടങ്ങണം എന്ന ആശയം ഉദിച്ചത്.

ഓര്‍മ്മക്കുറിപ്പുകള്‍ ഇംഗ്ലീഷില്‍ എഴുതാം എന്നായിരുന്നു ഉദ്ദേശം. അതിനാല്‍ കുറുപ്പിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് പ്രാസം ഒപ്പിച്ച് ബ്ലോഗിന് പേര് ഇട്ടു. ഒരു സ്റ്റൈലന്‍ പടവും, ഒരു മുഴം നീളത്തില്‍ ഒരു പ്രൊഫൈലും ഉണ്ടാക്കി. ജനനം, വിദ്യാഭ്യാസം, ജോലി......എന്നുവേണ്ട എല്ലാം ഉള്‍ക്കൊള്ളിച്ചു. പിന്നെ പോസ്റ്റ് എന്തെഴുതണം എന്നായി ചിന്ത. ഇത്രയും ആയപ്പോഴയ്ക്കും ഒരു മണിക്കൂറിലധികം ചിലവാക്കിയിരുന്നു. അതിനാല്‍ വെറുതെ ഒരു സ്വാഗതം ഇട്ടേക്കാം എന്ന് കരുതി. പിന്നെ വല്ലോം എഴുതീട്ട് സുഹൃത്തുക്കള്‍ക്ക് ലിങ്ക് അയയ്ക്കാം എന്നും വിചാരിച്ച് ആദ്യത്തെ പോസ്റ്റ് ഇങ്ങനെ ഇട്ടു:

ടൈറ്റില്‍: Welcome to Anand's blog! ആനന്ദിന്റെ ബ്ലോഗിലേയ്ക്ക് സ്വാഗതം!

" Dear friends,
I have learnt about blogging after a lot of difficulties. Have a lot to say. Hope you will like it"
എന്ന് ഇംഗ്ലീഷില്‍ എഴുതി. (ഇംഗ്ലീഷില്‍ എഴുതിയത് പിന്നീട് തട്ടിക്കളഞ്ഞു :-))

ആരോ സുഹൃത്തുക്കള്‍ ഗൂഗിള്‍ ട്രാന്സില്‍ട്രേഷനെ കുറിച്ചും ഒരു ഇമെയില്‍ അയച്ചതിനാല്‍ വെറുതെ ഒരു രസത്തിന് ഇങ്ങനെ മലയാളത്തില്‍ ടൈപ്പി

' സുഹ്രുത്തെ,
വളരെ നാളത്തെ പരിശ്രമ ഫലമായിട്ടാണു്‌ ഈ ബ്ലോഗിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. എന്നാല്‍ അരക്കൈ നോക്കാമെന്ന് തീരുമാനിച്ചു. വളരെ അധികം പറയാനുണ്ട്. ഏല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കട്ടെ.
സസ്നേഹം,
ആനന്ദ്"

ഡല്‍ഹിയില്‍ നിന്നും ഒരു സുഹൃത്ത് ജനീവയില്‍ എത്തിയാതിനാല്‍ നല്ല മീനും ചിക്കനും വാങ്ങി നാടന്‍ കറികളും ചോറും പാകം ചെയ്തു കഴിച്ചു.

രാത്രി ഉറക്കം വരാതെ ഇരുന്നപ്പോള്‍ വെറുതെ ബ്ലോഗ് ഒന്നു സന്ദര്‍ശിച്ചപ്പോള്‍ ദാണ്ടെ ഒരുത്തന്‍ വന്ന് നല്ല ഉപദേശം. ഫോട്ടോ ചെറുതാക്കൂ........എങ്ങിനെ ആ ഇമ്മിണി ബല്യ ഫോട്ടോ അവിടെ പിടിപ്പിച്ചത് എന്ന് എനിക്കല്ലേ അറിയൂ.....ആദ്യം മനസ്സില്‍ തോന്നിയത് ഇവരൊക്കെ ഞാന്‍ ബ്ലോഗ് തുടങ്ങിയ വിവരം അറിഞ്ഞൂ എന്നായിരുന്നു. അങ്ങിനെ ഞാന്‍ ആദ്യം കണ്ട മലയാളം ബ്ലോഗ് പ്രയാസിയുടെ ബ്ലോഗ് ആണ്. സത്യം പറഞ്ഞാല്‍ ആരെങ്കിലും ഇതൊക്കെ കാണുമെന്നോ കമന്റ് എഴുതുമെന്നോ ഉള്ള സംഗതിയേ അറിയുമായിരുന്നില്ല!

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ വല്ലാത്ത ക്ഷീണം. മുഖത്ത് അങ്ങിങ്ങായി ചെറിയ കുരുക്കള്‍. ഇതെന്തിര് എന്ന് ചിന്തിച്ചപ്പോള്‍ 'ചിക്കന്‍ കഴിച്ച് ചിക്കന്‍പോക്സ് ആയോ' എന്നൊരു സന്ദേഹം. റിയോയില്‍ നിന്ന് എത്തിയിട്ട് ഒരാഴ്ച കഷ്ടിയെ ആയിരുന്നുള്ളു എന്നതിനാല്‍ നേരെ ആശുപത്രി തപ്പി, ഡോക്ടറിനെ കണ്ടു സംശയം സ്ഥിരീകരിച്ചു. ബ്ലോഗിങ്ങില്‍ നല്ല ഒന്നാന്തരം തുടക്കം. തലേന്ന് തന്നെ രണ്ടു മൂന്നെണ്ണം കണ്ടിരുന്നെങ്കിലും അത്ര കാര്യമാക്കിയില്ല. ഏതായാലും ഒരാഴ്ചത്തേയ്ക്ക് ആവശ്യത്തിന് അരിയും പച്ചക്കറികളും പഴങ്ങളും എല്ലാം വാങ്ങി നേരെ റൂമില്‍ എത്തി. ചിക്കന്‍പോക്സിനെ കുറിച്ചു വിശദമായി ഗൂഗ്ലി. പിന്നെ കുറെ കിടന്നുറങ്ങി.

അടുത്ത ദിവസം മുഖം മുഴുവന്‍ ചിക്കന്‍ കുരുക്കളും ആയി കണ്ണാടിയില്‍ നോക്കി വിഷണ്ണനായി ഇരിക്കുമ്പോള്‍ വെറുതെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ബ്ലോഗില്‍ നോക്കി. ഇനി വേറെ ആരെങ്കിലും നോക്കിയെങ്കിലോ? അദ്ഭുതം വേറെ ആരൊക്കെയോ അറിഞ്ഞിരിക്കുന്നു. 'നവാഗതന് സുസ്വാഗതവുമായി' അഞ്ചല്‍ക്കാരനും, സ്വാഗതവുമായി കൊച്ചുത്രേസ്സ്യയും എത്തി. അപ്പോള്‍ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ ബ്ലോഗില്‍ വിലസുന്നു എന്ന് മനസ്സിലായി. കൊച്ചുത്രേസ്സ്യയുടെ കമന്‍റ് ആണ് ഇംഗ്ലീഷില്‍ എഴുത്ത് നിര്‍ത്തി മലയാളത്തില്‍ എഴുതാന്‍ പ്രചോദനം ആയത്‌.

ഒരു സംശയം.ഇങ്ങനെ എല്ലാ പോസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലും ഇടുമോ.ചുറ്റിപ്പോകും.. പറഞ്ഞില്ലാന്നു വേണ്ട :-)

ലാപ്ടോപ് നേരെ ബെഡ്റൂമിലേയ്ക്ക് മാറ്റി. എന്റെ ബ്ലോഗില്‍ കമന്‍റ് ഇടുന്നവരുടെ ബ്ലോഗ് തപ്പിപ്പിടിച്ച് അവിടെ എത്തി, പിന്നെ അവരുടെ പോസ്റ്റിലെ കമന്റ്റുകാരുടെ ബ്ലോഗുകള്‍ കണ്ടു പിടിച്ചു..........ഇടയ്ക്കിടെ കണ്ണാടി നോക്കും! വലിയ ഒരു കണ്ണാടി ഘടിപ്പിച്ച അലമാര നേരെ മുന്‍പില്‍ ഉണ്ടായിരുന്നതിനാല്‍ ചിക്കന്‍പോക്സിന്‍റെ വികൃതികള്‍ ഇടയ്ക്കിടെ കണ്ടുകൊണ്ടും മലയാളം ബ്ലോഗുകള്‍ വായിച്ചു കൊണ്ടും ഇരുന്നു. കമന്‍റുകള്‍ കണ്ടതോടെ രണ്ടാം പോസ്റ്റും രണ്ടാം ദിനം തന്നെ പോസ്റ്റി വീണ്ടും കമന്‍റുകള്‍ക്കായ് കാത്തിരുന്നു.ഇംഗ്ലീഷില്‍ നേരത്തെ ടൈപ്പ് ചെയ്തു വച്ചിരുന്ന ഒരെണ്ണം നേരെ മലയാളത്തില്‍ ആക്കി രണ്ടാം പോസ്റ്റ്! പലരും അതിനിടെ വന്നു....അഭിപ്രായം പറഞ്ഞു ......ഒരാഴ്ച കൊണ്ടു ചിക്കന്‍പോക്സ് മാറിയപ്പോഴെയ്ക്കും ഞാനും ഒരു മുഴുവന്‍ സമയ ബ്ലോഗര്‍ ആയി. സാവധാനം ബ്ലോഗ്ഗിങ്ങിന്‍റെ മറ്റു ഗുട്ടന്‍സുകളും വഴങ്ങാന്‍ തുടങ്ങി.ചിന്തയും മറ്റ് അഗ്രിഗേറ്ററുകളും ആണ് മറ്റുള്ളവരെ നമ്മുടെ ബ്ലോഗ് കാണിച്ചുകൊടുക്കുന്നത് എന്നത് പുതിയ അറിവായിരുന്നു.

പിന്നീട് കവിതകള്‍ക്കും, തമാശകള്‍ക്കും മറ്റുമായി കുറുപ്പിന്‍റെ കണക്കുപുസ്തകവും, ജോലിക്കിടയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനായ് കുറുപ്പിന്‍റെ ഫീല്‍ഡ് ഡയറിയും തുറന്നു. തിരുവല്ലാക്കാരുടെ ദൈവമായ ശ്രീവല്ലഭന്‍ (ശ്രീവല്ലഭ ക്ഷേത്രം) എന്ന പേര് സ്വീകരിച്ചു, സംഭവങ്ങള്‍ എല്ലാം കുറെ കൂടെ വിപുലമാക്കി. ബ്ലോഗിന്‍റെ പേരും ശ്രീവല്ലഭന്‍റെ എന്നാക്കി. കൂടാതെ ബ്ലോഗില്‍ ജാതിപ്പേര്‍ എഴുതണ്ട എന്ന തോന്നലും ഉണ്ടായി............

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് തമാശയ്ക്ക് കവിതാരചന മത്സരത്തില്‍ പങ്കെടുത്ത്, തലയില്‍ തോന്നിയതെല്ലാം എഴുതി വച്ചു എന്നല്ലാതെ വേറെ ഒന്നും എഴുതിയിരുന്നില്ല. കേരളത്തില്‍ നിന്നും വര്‍ഷങ്ങളോളം മാറി നിന്നതിനാല്‍ മലയാളം വായനയും മനോരമ, മാതൃഭുമി ദിനപ്പത്രങ്ങളില്‍ ഒതുങ്ങിയിരുന്നു. ബ്ലോഗ് തുടങ്ങിയേല്‍ പിന്നെ കവിതയായി, കഥയായി, തമാശകളായി.......(ശ്ശോ എന്‍റെ ഒരു കാര്യം!)

**********

ഒരു വര്‍ഷത്തിനിടെ മൂന്നു ബ്ലോഗുകളിലായ് പതിനാലു കവിതകള്‍, എട്ട് ഓര്‍മ്മക്കുറിപ്പുകള്‍‍, അഞ്ചു നര്‍മലേഖനങ്ങള്‍, പൊതുജനാരോഗ്യവുമായ് ബന്ധപ്പെട്ട ആറ് ലേഖനങ്ങള്‍, രണ്ടു കഥകള്‍, പിന്നെ കുറെ ചവറുകള്‍!

കാര്യമായ് ഗുണമുള്ള ഒന്നും ഇല്ലെങ്കിലും, എഴുതിയതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുറച്ചു രചനകള്‍ ഇവിടെ കൊടുക്കുന്നു.

കവിതകള്‍
1. ചിലതൊക്കെ അങ്ങിനെയാണ്!
2. നാലു ദശകങ്ങളുടെ വിഴുപ്പുകള്‍
3. ഊരു വിലക്കപ്പെട്ടവന്‍റെ ആത്മരോഷം
4. പെദ്ദാപുരത്തെ പെണ്‍കുട്ടി
5. ഒരുമിച്ചൊരു യാത്ര

കഥ
കാവേരി അക്ക
(ഏറ്റവും കൂടുതല്‍ വായനക്കാര്‍ കമന്‍റ് എഴുതിയത് അനുഭവത്തിന്‍റെ വെളിച്ചത്തിലുള്ള ഈ കഥയ്ക്കാണ്)

നര്‍മം
1. പൊടിയാടി പാവങ്ങള്‍ -1 (ഉലക്കയമ്മയും വര്‍മ്മാജീടെ കുടിയും)
2. ചൈനയില്‍ പറ്റിയ രണ്ടാമത്തെ അമളി

ഓര്‍മ്മക്കുറിപ്പുകള്‍‍
1. തങ്കമണി- ഒരോര്‍മ്മ
2. മേലോരം ഗ്രാമത്തിലെ NSS ക്യാമ്പ്‌

************
ബ്ലോഗ് ജയന്തിയോടനുബന്ധിച്ചു ജനീവയില്‍ നടന്ന ഘോഷയാത്രയുടെയും വെടിക്കെട്ടിന്‍റെയും ചിത്രങ്ങള്‍ താഴെ. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം.വെടിക്കെട്ടിന്‍റെ വീഡിയോകള്‍ ഇവിടെ ഉണ്ട്:
വീഡിയോ 1
വീഡിയോ 2
ആസ്വദിക്കുക !

Comments

 1. അങ്ങിനെ ഞാനും ബ്ലോഗില്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്!ബ്ലോഗ് ജയന്തി ജനീവയില്‍ വിപുലമായി ആഘോഷിച്ചു. :-)

  ReplyDelete
 2. അങ്ങനെ ബ്ലോഗില്‍ ഒന്നാം വാര്‍ഷികം കൊണ്ടാടുന്ന ശ്രീവല്ലഭന് എന്റെ ആശംസകള്‍....
  ബ്ലോഗ് ജയന്തി ആഘോഷിച്ച ഫോട്ടോകളും കണ്ടൂ; ഹ ഹ നന്നായിരിക്കുന്നു......

  ReplyDelete
 3. ശ്രീവല്ലഭന്‍ ചേട്ടാ, ആശംസകള്‍

  ബ്ലോഗ് ജയന്തി ജനീവയില്‍ പബ്ലിക്ക് ഹോളിഡെ ആക്കിയൊ? :)

  ജനീവയെയും സന്ദര്‍ശിച്ചിട്ടുള്ള മറ്റുസ്ഥലങ്ങളേയും കുറിച്ചൊക്കെ എഴുതിയാല്‍, കേരളമല്ലാതെ വേറോന്നും കണ്ടിട്ടില്ലാത്ത വായനക്കാര്‍ക്ക് ആശ്വാസമായേനേ.

  ReplyDelete
 4. ശ്രീവല്ലഭക്കുറുപ്പേ,
  ജയന്തിആ‍ശംസകള്‍. ശരിയാണ്, ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോളുള്ള ത്രില്ല് ഒന്നു വേറെതന്നെയാണ് അല്ലേ.

  ഇനിയും ഇനിയും എഴുതൂ...
  ലക്ഷം ലക്ഷം പിന്നാലെ.

  ഓടോ. ഒരു വര്‍ഷം കഴിയുമ്പോള്‍ ബ്ലോഗ്‌മടി എന്നൊരു രോഗം വരാനുള്ള സാധ്യതയുണ്ട്. (എനിക്ക് പിടിച്ചു ഇപ്പോ കുറവുണ്ട്)സൂക്ഷിക്കുക!

  ReplyDelete
 5. ശ്രീ വല്ലഭന്റെ ബ്ലോഗ്ഗിന്റെ ഒന്നാം പിറന്നാളിന് ആശംസകള്‍..ആദ്യത്തെ പോസ്റ്റിനു ഒരു കമന്റ് കിട്ടിയപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു എനിക്കും.ബ്ലോഗ്ഗ് ജയന്തി ജനീവയില്‍ ആഘോഷിച്ച വകയിലെ പോട്ടങ്ങള്‍ കണ്ടു..പക്ഷേ ആഘോഷിക്കാന്‍ ഞങ്ങളെ ഒന്നും ക്ഷണിക്കാതിരുന്നതില്‍ പരിഭവം ഉണ്ട്,..ആ പരിഭവം തീര്‍ക്കാന്‍ ഒരു പെട്ടി ചോക്കലേറ്റ് പാഴ്സല്‍ അയച്ചാല്‍ മതി ട്ടോ..

  ReplyDelete
 6. ഒരു കൊല്ലം പോയിക്കിട്ടിയത് എത്ര പെട്ടെന്നാ, അല്ലേ വല്ലഭാ.
  ആശംസകള്‍.

  ReplyDelete
 7. ബ്ലോഗ് വാര്‍ഷികാശംസകള്‍ മാഷേ

  ReplyDelete
 8. ജയന്തി ജനതയ്ക്ക് ആശംസകള്‍...

  ചാത്തനേറ്: അപ്പോള്‍ ഈ ബ്ലോഗിന്റെ ക്രഡിറ്റില്‍ പകുതി ചിക്കനാണല്ലേ?

  ReplyDelete
 9. ആശംസകൾ..

  അങ്ങനെ ഒരാളെ എങ്കിലും 'മലയാളി' ആക്കിയതിന്റെ ചാരിതാർത്ഥ്യത്തോടെ ഈ ബ്ലോവാർഷികാഘോഷത്തിൽ ഞാനും പങ്കുചേരുന്നു :-)

  ReplyDelete
 10. അതേയ്, വല്ലഭനു പുല്ലും ആയുധം എന്നാണല്ലോ ചൊല്ല്. എന്നിട്ട് ജയന്തി പ്രമാണിച്ച് പുല്ല്‌പറിയുടെ ചിത്രങ്ങളൊന്നും കണ്ടില്ലല്ലോ. (അല്ലാ ഈ ജയന്തി എന്നാല്‍ പുല്ലുപറി എന്നല്ലേ!!).

  പിന്നെ, ഓരോ ജയന്തി കഴിയുന്തോറും അപ്പു പറഞ്ഞപോലെ ‘ബ്ലോഗ്‌മടി’യോ അല്ലെങ്കില്‍ ‘ബ്ലോഗാലസ്യ’മോ പിടിപെടാനുള്ള ചാന്‍സുണ്ട്.

  ആശംസകള്‍.

  ReplyDelete
 11. Bon anniversaire :) കേക്ക് മുറിച്ചില്ലേ.. ചുമ്മാ ഒരു കേക്കിന്റെ പടമെങ്കിലും :)

  (ഓ.ടോ. ജനീവയില്‍ എവിടെയാണെന്ന് ചോദിച്ചിട്ട് കുറച്ച് നാളായി, ഓര്‍ക്കുട്ടില്‍ പറയാം എന്ന് പറഞ്ഞ് മുങ്ങി... )

  ReplyDelete
 12. ശ്രീ. വല്ലഭ ബ്ലോഗിന്റെ ജയന്തി ആഘോഷങ്ങള്‍ ഇവിടെ ദുബായിലും തുടങ്ങിയിരിക്കുന്നു.. ഏവര്‍ക്കും സ്വാഗതം.

  (ചെലവിനുള്ള തുക... എപ്പൊ തരും സാര്‍?)

  ReplyDelete
 13. ആശംസകളുണ്ട് വല്ലഭന്‍ മാഷെ...!

  ട്രീറ്റ് എപ്പോഴാ?

  ReplyDelete
 14. അതെ...ആശംസകള്‍ ഉണ്ട്...എന്റെയും..

  ReplyDelete
 15. ഹരീഷ് തൊടുപുഴ: നന്ദി. ഫോട്ടോ എടുത്തോളൂ...:-)

  അനൂപ് തിരുവല്ല: നന്ദി. എഴുതണം എന്നുണ്ട്. സമയത്തിന്‍റെ കുറവാണ് പ്രശ്നം. നോക്കട്ടെ.....
  അപ്പു, നന്ദി. മടിയും സമയക്കുറവും ഒരു പ്രശ്നം ആണ്.

  കാന്താരിക്കുട്ടി: പെട്ടി ചോക്കലേറ്റ് അയച്ചിട്ടുണ്ട് :-).

  കാപ്പിലാന്‍, ശ്രീ, അങ്കിള്‍, vadavosky : നന്ദി :-)

  കുട്ടിച്ചാത്തന്‍: അതെ . പകുതി ക്രെഡിറ്റ് ചിക്കന് തന്നെ :-)
  കൊച്ചുത്രേസ്യ: കുറച്ചു കൊച്ചുത്രെസ്സ്യയ്ക്കും :-)

  krish | കൃഷ് : ഹാ ഹാ: പുല്ലു പറിയുടെ പടം പിന്നീടിടാം. നന്ദി....

  കുഞ്ഞന്‍സ്‌: മേഴ്സി ബുക്കു :-) കേക്ക് മുറിക്കാതെ തിന്നു :-) ഓര്‍ക്കുട്ടില്‍ പറഞ്ഞല്ലോ :-)

  കുറ്റ്യാടിക്കാരന്‍: ജയന്തി പൊടി പൊടിച്ചില്ലേ? :-) നന്ദി. ചെലവിനുള്ളത് കാശ് മതിയോ? നന്ദി.

  യാരിദ്‌|~|യാരിദ്‌: നന്ദി. ട്രീട്മെന്റ്റ് പിറകെയുണ്ട് .

  smitha adharsh : നന്ദി.

  ReplyDelete
 16. കുറച്ച് വൈകിയാണെങ്കിലും, ബ്ലോഗ് ജയന്തി ആശംസകൾ മാഷേ..

  ഈ ബ്ലോഗ് ജയന്തി ഇത്ര വിപുലമായി ആഘോഷിയ്ക്കുന്നവരും ഉണ്ട് അല്ലേ..!! :)

  ReplyDelete
 17. അഭിനന്ദനങ്ങള്‍ ആനന്ദ്. ഈ പോസ്റ്റ് കണ്ടതിപ്പോഴാണ്‌.
  അങ്ങിനെ സംഭവ ബഹുലമായ ഒരുവര്‍ഷം കടന്നുപോയി..ഇനിയും സര്‍ഗാത്മകത ഈ ബ്ലോഗുകളില്‍ നിറയട്ടെ..പൊടിയാടി കഥകളുടെ ഒരു ആരാധകന്‍..

  സ്നേഹത്തോടെ
  ഗോപന്‍

  ReplyDelete
 18. ഗാന്ധി ജയന്തി പണ്ട്‌ സേവന വാരം ആയിരുന്നു. ഈ ബ്ലോഗ്‌ ജയന്തി എന്താക്കാനാണു പ്ലാന്‍. ചുമ്മാതെ ഒതുക്കത്തില്‍ ജയന്തി ഒന്നും ആക്കാന്‍ പറ്റില്ല. ചിലവ്‌ ഉണ്ട്‌. ബാനര്‍ കെട്ടണം, ചുവര്‍ എഴുതണം, പത്രത്തില്‍, റ്റി.വിയില്‍ പരസ്യം കൊടുക്കണം...ഉത്ഘാടന ചടങ്ങുകള്‍ കൊഴുപ്പിക്കണം...താലപ്പൊലി ഏന്തിയ പെണ്‍ക്കൊടികള്‍ വേണം..അങ്ങനെ അങ്ങനെ ചെലവുകളേറെ..ചെക്ക്‌ ഇപ്പോള്‍ തന്നാല്‍ ഞാന്‍ ഒരുക്കങ്ങള്‍ തുടങ്ങാം.

  പൊടിയാടിക്കാര്‍ ബ്ലോഗില്‍ ഇനിയും വരട്ടെ..പൊടിയാടി വളരട്ടെ...കഥ, കവിത,,, അങ്ങനെ അങ്ങനെ കാര്യങ്ങള്‍ ഇനിയും കൂടട്ടെ...കരുണാകര്‍ജിയുടെ ആയുസ്സ്‌ ഈ ബ്ലോഗിനു നേരുന്നു... ആയുഷ്മാന്‍ ഭവഃ

  ReplyDelete
 19. ഭാവുകങ്ങള്‍.
  സമയം പോകുന്ന പോക്കേ!!
  :)

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു