ഒരുമിച്ചൊരു യാത്ര

തുന്നിച്ച പുത്തനുടുപ്പുകള്‍ ചാലവേ
തെറ്റെന്നുടുപ്പിച്ചു നിര്‍ത്തിയ കുഞ്ഞുങ്ങള്‍
രാത്രിയായപ്പോളിതെങ്ങോട്ട് പോകുന്നു?
പത്തുവയസ്സുകാരിക്കൊരു സംശയം

ചോദ്യങ്ങളിന്നില്ല, പോകുന്നു നാമിന്നു
രാത്രിയില്‍ തന്നെ, പിണങ്ങണ്ട മക്കളേ
നേരം വെളുക്കുന്നതിന്‍ മുന്‍പ് തന്നൊരു-
ടാക്സി വരുമതില്‍ ദൂരേയ്ക്ക് പോകണം

വേഗം കഴിക്കുക ചോറും കറികളും
പിന്നീട് കിട്ടുമിന്നെല്ലാര്‍ക്കുമോരോരോ,
നല്ല രുചിയാര്‍ന്ന വാനിലയൈയ്സ്ക്രീമും
അമ്മൂമ്മയെക്കാണാനാണെന്നു നിശ്ചയം
ചൊല്ലിയിളയവള്‍, സന്തോഷമോടവേ
കുട്ടനെക്കൊണ്ടുപോകണ്ടവന്‍ ദുഷ്ടനാ-
നാണെന്നെ പിച്ചു,മടിക്കുമഹങ്കാരി
അമ്മൂമ്മയോട് പറയുമതെല്ലാം ഞാന്‍
നോക്കിക്കോ നീ മോനേ കുട്ടാ

ചേട്ടനിതെന്താണൊരുങ്ങാത്തതിന്ന്, നാം
നേരത്തെ ചൊല്ലിയതെല്ലാം മറന്നുവോ?
ഇന്നെങ്കിലുമൊന്നു നിര്‍ത്തുമോ നിങ്ങടെ-
യൊട്ടും സഹിക്കാത്ത നാശപ്പുകവലി?
എന്തെങ്കിലുമൊന്നു തീരുമാനിക്കുക
പിള്ളേര്‍ക്കുറക്കം വരുന്നുണ്ട്, നോക്കിക്കേ

എല്ലാര്‍ക്കും കൂടെയൊരൊറ്റയെഴുത്തി-
ലൊതുക്കണമല്ലെങ്കിലെന്തിത്ര ചിന്തിയ്ക്കാന്‍?
നാണിയമ്മയ്ക്ക് കൊടുക്കുവാനുള്ളത്‌
മാത്രമാ പാത്രത്തില്‍ വയ്ക്കണം പ്രത്യേകം
അയ്യോ, മറന്നതിരാവിലെയെത്തുന്ന
ചക്കിക്കവളുടെ ചട്ടിയില്‍ പാലില്ല
വച്ചിട്ട് വേഗം വരാമപ്പൊളേയ്ക്കുമാ
കുപ്പിയിലുള്ളത് ലേശം പകര്‍ത്തുക

അമ്മേ വിശക്കുന്നു, ചോറും കറികളു-
മെന്തേ കഴിക്കുവാനെത്താത്തതിന്നിനി?
അച്ഛനുരുട്ടി തരണമെനിക്കെന്ന്
വല്ലാതെ ശാഠൃം പിടിക്കുന്നു മൂത്തവള്‍
എല്ലാര്‍ക്കുമിന്നച്ഛന്‍ വാരിത്തരാമത്
നന്നായി വേഗം കഴിക്കണം മക്കളേ

അമ്മേയിതെന്താ എനിക്കിന്ന് രാത്രിയില്‍
വല്ലാതെ തോന്നുന്നു വേണ്ടയീ ഐസ്ക്രീം
കുട്ടനിതെന്താ തികട്ടി വരുന്നത്,
പേടിക്ക വേണ്ട നീ കുട്ടാ.

പെട്ടന്നുറങ്ങുക മക്കളേ നാമിന്നു
നേരത്തേ തന്നെ പുറപ്പെടും രാവിലെ
അമ്മതന്നുമ്മകള്‍ വാങ്ങിയ കുഞ്ഞുങ്ങള്‍
പാതിമിഴികളടച്ചു മയങ്ങിയോ?

വേഗമാകട്ടിനി നമ്മള്‍ക്കുമെത്തണം
ആരും കടക്കാത്ത മായിക ലോകത്തില്‍!
പേടിക്ക വേണ്ടയീ ലോകത്തിലെ വെറും
ബാലിശമായ കണക്കും കടങ്ങളും!

Comments

 1. എഴുതിക്കഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി. നാട്ടില്‍ നടക്കുന്ന പലതും വായിച്ചപ്പോള്‍ തോന്നിയ ആശയം. ഇപ്പോഴാണ് വരികള്‍ ആയത്‌.

  ചില വരികള്‍ കുറേക്കൂടെ നന്നാകേണ്ടതുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

  ReplyDelete
 2. വേഗമാകട്ടിനി നമ്മള്‍ക്കുമെത്തണം
  ആരും കടക്കാത്ത മായിക ലോകത്തില്‍!
  പേടിക്ക വേണ്ടയീ ലോകത്തിലെ വെറും
  ബാലിശമായ കണക്കും കടങ്ങളും!


  സങ്കടം തോന്നി മാഷേ.. നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ..എങ്കിലും വായിച്ചപ്പോള്‍ നെഞ്ചു പൊള്ളുന്നു

  ReplyDelete
 3. ഈ സാമൂഹികപ്രശ്നം പരാമര്‍ശിച്ചതു് നന്നായി. തിടുക്കത്തില്‍ എഴുതിയതുകൊണ്ടാണോ എന്നറിയില്ല, വിഷയത്തിന്റെ ആഴവും തീവ്രതയും വരികളില്‍ പലയിടത്തും വേണ്ടത്ര പ്രതിഫലിക്കാത്തപോലെ. എന്റെ വായനയുടെ കുഴപ്പവുമാവാം.

  ReplyDelete
 4. ഞാനുംവന്നു ശ്രീവല്ലഭാ.
  ഇതുപോലെ സരളമായിപ്പറയുമ്പോഴാകും, ദുരന്തകഥനങ്ങൾ പലപ്പോഴും കൂടുതൽ ഹൃദയസ്പർശിയാകുക.
  വരികളിലെതാളം ഇനിയും മുറുക്കാംട്ടൊ

  ReplyDelete
 5. ഇതാണോ വല്ലഭാ പ്രശ്നങ്ങൾക്ക് പരിഹാരം?

  ReplyDelete
 6. സങ്കടപ്പെടുത്തുന്നുവെങ്കിലും വരികളും ചിന്തയും നന്നായിട്ടുണ്ട്, വല്ലഭന്‍ മാഷേ...

  ReplyDelete
 7. വല്ലഭാ,
  ഇതു വേണ്ടായിരുന്നു..:(

  ReplyDelete
 8. വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത വേദന.....

  നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

  ReplyDelete
 9. കണക്കു പറയുന്ന നോട്ടങ്ങളില്ലാത്ത ലോകത്തേക്കൊരു യാത്ര ... വരികള്‍ സങ്കടപ്പെടുത്തി...:(

  ReplyDelete
 10. വല്ലാതെ സങ്കടം തോന്നി വായിച്ചപ്പോള്‍... :(

  ReplyDelete
 11. ഒരു നേര്‍ക്കാഴ്ച്ച

  ReplyDelete
 12. Inji Pennu, കാന്താരിക്കുട്ടി, പാമരന്‍, ബിന്ദു കെ പി, ശ്രീ, sv, തണല്‍, Rare Rose, Sharu, മുല്ലപ്പൂവ്, സരിജ
  : ഇവിടെ വന്നതിനും വായിച്ചതിനും നന്ദി.

  സി. കെ. ബാബു, ഭൂമിപുത്രി: കുറച്ചു നാളായ് മനസ്സില്‍ കിടക്കുന്ന ആശയം ആണ്. എഴുതിയപ്പോള്‍ ആത്മഹത്യ ചെയ്യുന്നവരുടെ മനസ്സു അറിയാനുള്ള ശ്രമം ആയിരുന്നു. എന്ത് കൊണ്ടു വളരെ അധികം ആള്‍ക്കാര്‍ ഇതിന് തുനിയുന്നു എന്നും ചിന്തിച്ചു. വിമര്‍ശനത്തിനു നന്ദി. ലളിതമായ് പറയുക ആണ് പലപ്പോഴും എനിക്ക് കഴിയുന്നത്‌ എന്ന് തോന്നുന്നു. അതിനാണ് ശ്രമിച്ചിരിക്കുന്നത്. നോക്കട്ടെ-താളത്തിന്റെ കാര്യം.

  അങ്കിള്‍: ആണെന്ന് പറഞ്ഞില്ലല്ലോ അങ്കിള്‍. കവിത ആയതിനാല്‍ പ്രശ്നപരിഹാരം എന്ന രീതിയില്‍ സമീപിച്ചില്ല.
  തണല്‍: അങ്ങിനെ എനിക്കും തോന്നി. എന്നാലും മനസ്സില്‍ തോന്നുന്നത് എഴുതി എന്നെ ഉള്ളു.

  ReplyDelete
 13. നല്ല ‍ആശയം എഴുത്ത്

  ReplyDelete
 14. വിഷമിപ്പിക്കുന്ന ചിന്തകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു ആനന്ദ്..

  ReplyDelete
 15. കവിത നല്ലതാണ്. പക്ഷേ തിരഞ്ഞെടുത്ത വിഷയം മൂഡ് ഓഫാക്കുന്നതും. മൂഡ് ഓഫാകുന്നതിനര്‍ത്ഥം കവിത നല്ലതെന്നും. :)

  ReplyDelete
 16. അയ്യോ എന്തായിത് ?
  വിഷമിപ്പിച്ചല്ലോ മാഷേ....
  :(

  ReplyDelete
 17. വരികള്‍ നന്നാക്കാലല്ല സുഹൃത്തേ കാര്യം .....
  താങ്കള്‍ തീ കോരിയിട്ടു തന്നിരിക്കുന്നു മനസ്സില്‍....


  ഹൃദയം നിറഞ്ഞ ഓണാശംസകള്‍

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു