ചിലതൊക്കെ അങ്ങിനെയാണ്!

പഴയ മുന്തിരിച്ചാറിന്‍റെ വീര്യമീ
കുറിയ കാചത്തില്‍ നിന്നും നുണയവേ,
കനല് വറ്റാത്ത തീച്ചൂള തന്നിലെ
കവിത ചുണ്ടിലൂടൂറിയെത്തുന്നുവോ?
പതിത പങ്കിലക്കനവിലൂടിന്നു ഞാന്‍
തിരിയെ കാതങ്ങള്‍ താണ്ടിക്കഴിഞ്ഞുവോ?

അന്നൊരാഗസ്ത് സന്ധ്യയില്‍ ചാരെ നീ
ചാരുപുഞ്ചിരി തൂകിയെത്തുന്നതും
ഒരു ചെറു ചൂടു ചായയില്‍ നിന്നുമാ-
പ്പുതിയ സൌഹൃദം പൊട്ടിവിടര്‍ന്നതും
വെറുതെ കൈകോര്‍ത്തു വിജനമാം വഴിയിലൂ-
ടൊടുവില്‍ നാമന്നു മെല്ലെ നടന്നതും
ഒഴുകിയെത്തിയ പൊന്നിളം കാറ്റില്‍ നി-
ന്നരിയ കാര്‍കൂന്തല്‍ പാറിക്കളിച്ചതും
കരിയിലക്കാട്ടിനുള്ളില്‍പ്പരന്നൊരാ
കമന രശ്മികള്‍ നാമന്നറിഞ്ഞതും
കാവ്യ മോഹന നീല ജലാശയം
കമലപുഷ്പങ്ങള്‍ കൊണ്ടു നിറഞ്ഞതും
കടവിലെത്തുമാ സ്വര്‍ണഹംസങ്ങളെ
അരികില്‍ മാടി വിളിച്ചു നാം നിന്നതും
വിടപറയുവാന്‍ നേരത്ത് നമ്മളാ
പ്രണയ കൌസ്തുഭം നെഞ്ചിലണിഞ്ഞതും
വര്‍ഷബാഷ്പങ്ങള്‍ നിന്‍കവിള്‍പ്പൂവിലെ
മൃദുദലങ്ങളില്‍ തുള്ളിക്കളിച്ചതും
പിന്നെ വല്ലാത്തൊരാവേശമോടെ ഞാന്‍
നിന്നെ നന്നായി വാരിപ്പുണര്‍ന്നതും.....
തിരികെയെത്തിയ സന്ധ്യകള്‍ നമ്മള്‍ക്കായ്
സ്നേഹപേടകം ചെമ്മെ പണിതതും.....

പകലുറക്കത്തിന്‍റെയന്ത്യത്തിലെത്തിയ
മദനമോഹന സ്വപ്നമാണിന്നു നീ.....
തെല്ലു ഞാനെന്‍ മിഴി തുറന്നപ്പൊഴോ
മുന്നിലില്ലെന്നു തോന്നിയ മാത്രയില്‍
എവിടെ നീയെന്നു വിസ്മയം കൊള്ളവേ,
നിഴലുപോലെന്‍റെ പിന്നിലൊളിച്ചുവോ?
വെറുതെയായിരം മോഹങ്ങള്‍ വാരി നീ
തിരയിളക്കത്തിനുള്ളില്‍ മറഞ്ഞുവോ?
കനവു നന്നല്ല, കവിതയുമിന്നില്ല,
ഹൃദയ വീണയില്‍ മീട്ടുമപശ്രുതി.....

Comments

 1. ആഗസ്ത് മാസമല്ലേ, സ്വാതന്ത്ര്യ ദിനത്തിന് മുന്‍പൊരു ചുമ്മാ പോസ്റ്റ് :-)

  ReplyDelete
 2. ഗീത ചേച്ചിയുടെ ബ്ലോഗില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു

  " എഴുതാന്‍ വേണ്ടി എഴുതാതിരിക്കുക " .

  ഈ കവിത വായിക്കുമ്പോള്‍ വീണ്ടും വീണ്ടും ഇത് വായിക്കാന്‍ തോന്നുക ,കാരണം വരികള്‍ എല്ലാം കാച്ചി കുറുക്കി എടുത്തിരിക്കുന്നു .എഴുത്തിനും ഒരിടവേള നല്ലതാണെന്ന് എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്ന കവിത .ഇതൊരു സൂപ്പര്‍ ഹിറ്റ് തന്നെയാകും ഉറപ്പ്.എന്‍റെ എല്ലാ ആശംസകളും

  ReplyDelete
 3. പകലുറക്കത്തിന്‍റെയന്ത്യത്തിലെത്തിയ
  മദനമോഹന സ്വപ്നമാണിന്നു നീ.....
  (നല്ല വരികള്‍ക്ക്‌ അഭിനന്ദനം.)

  ReplyDelete
 4. വെറുതെയായിരം മോഹങ്ങള്‍ വാരി നീ
  തിരതന്‍ ഹൃത്തിലായ് മുങ്ങിയൊളിച്ചുവോ?
  കനവു നന്നല്ല, യാതൊന്നുമിന്നില്ല,
  ഹൃദയ വീണയില്‍ മീട്ടുമപശ്രുതി.....

  എത്ര നന്നായി എഴുതിയിരിക്കുന്നു..ഓരോ വരികളും നന്നായിരിക്കുന്നു..

  ReplyDelete
 5. കരിയിലക്കാട്ടിനുള്ളില്‍പ്പരന്നൊരാ
  രാഗരശ്മികള്‍ നാമന്നറിഞ്ഞതും

  ഗൊച്ചു ഗള്ളാ..

  ReplyDelete
 6. കവിത നന്നായി എന്ന് പറയാന്‍ മറന്നു പോയി..

  ReplyDelete
 7. ആ വരികള്‍ കാന്താരിക്കുട്ടി ക്വോട്ട് ചെയ്തുപോയല്ലൊ.
  പ്രണയം ആസ്വാദ്യമാകുന്നതു അതിന്റെ നഷ്ടബോധത്തിലാണെന്ന് അനുഭവ പാഠം.

  ReplyDelete
 8. ബ്ലൊഗില്‍ നല്ല കവിതകള്‍ കുറവാണ്‌.
  ..ഏത്‌ മോശം കവിതയെയും പാടിപ്പുകഴ്താന്‍ ധാരാളം പേരുണ്ടെങ്കിലും.

  ..ഇതിനിടയില്‍ ഒരു നല്ല കവിത കാണുമ്പൊഴുള്ള സന്തോഷം വളരെയാണ്‌..

  .വളരെ നല്ല കവിത!!

  quote ചെയ്യാന്‍ നിവൃത്തിയില്ല..കാരണം എല്ലാം നല്ല വരികളാണ്‌...വളരെ ഇഷ്ടപ്പെട്ടു..  .[എന്റെ കവിതകള്‍ നല്ലതാണൊ ...എന്നെനിക്കറിഞ്ഞുകൂടാ..അതു പറയെണ്ടതു നിങ്ങളാണല്ലൊ!!]

  ReplyDelete
 9. Your post is being listed by www.keralainside.net.
  please categorise your post ..
  Thank You..

  ReplyDelete
 10. കവിതകളില്‍ നല്ല കവിത...
  ആശംസകള്‍

  ReplyDelete
 11. നന്നായി.. നല്ല പദ്യഭംഗി വല്ലഭ്ജീ..

  ReplyDelete
 12. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ‘സന്ദര്‍ശനം’ എന്ന കവിത ഓര്‍മ്മ വരുന്നു.

  ReplyDelete
 13. വളരെ നന്നായി ആസ്വദിച്ച കവിതകളിലൊന്ന്. നല്ല ഈണത്തോടെ താളത്തോടെ പാടി ആസ്വദിക്കാന്‍ പറ്റിയ കവിത.

  വളരെ ഇഷ്ടപ്പെട്ടു ഇത്.

  ഇനിയും ഇതുപോലെ എഴുതൂ. ആശംസകള്‍.

  ReplyDelete
 14. ഹരിത്..
  കൊടുകൈ!
  “മുറുകിയോ നെഞ്ചീടിപ്പിന്റെ താളവും
  നിറയെ സംഗീതമുള്ള നിശ്വാസവും..”
  -വല്ലഭാ,താങ്കളുടെ മാസ്റ്റര്‍പീസ്...സംശയമില്ലാ!

  ReplyDelete
 15. ഉള്ളിന്റെയുള്ളില്‍ ആഴത്തില്‍ പതിഞ്ഞു ഈ വരികളെല്ലാം.
  ചേരാത്തതായിട്ട് അവയിലൊന്നു പോലുമില്ല.
  വളരെ വളരെ നന്നായി.

  ReplyDelete
 16. ആഗസ്റ്റിലെ ഈ ഓര്‍മ്മകള്‍ മനോഹരം....ഈണത്തില്‍ പാടാനാവുന്ന സുന്ദരമായ കവിത...:)

  ReplyDelete
 17. കാപ്പിലാന്‍, ചന്തു, കാന്താരിക്കുട്ടി, അനില്‍@ബ്ലോഗ്, ഫസല്‍, പാമരന്‍, മഴത്തുള്ളി, കുമാരന്‍, Rare Rose, : അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി....

  ഭൂമിപുത്രി: ഹാ ഹാ, ആഗസ്തിന്‍റെ ലാഭം :-)
  വാല്‍മീകി: ഛെ, ഞാന്‍ അത്തരക്കാരന്‍ അല്ല :-) അഭിപ്രായത്തിന് നന്ദി.

  ഹരിത്, തണല്‍: ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ‘സന്ദര്‍ശനം’ സെര്‍ച്ച് ചെയ്തു. കിട്ടി! പണ്ടെങ്ങോ കേട്ടതായ് ഓര്‍ക്കുന്നു. അത് ഇതിനേക്കാള്‍ എത്രയോ വളരെ വളരെ മനോഹരമായ കവിത!!! നന്ദി. ബ്ലോഗര്‍ അപ്പു 'സന്ദര്‍ശനം' പാടിയത് ഇവിടെ ഉണ്ട്.

  കവിതയിലെ ചില വാക്കുകള്‍ മാറ്റി, വരികള്‍ നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ഒന്നു രണ്ടു വരികള്‍ കുറച്ചു കൂടി നന്നാക്കാം എന്ന് തോന്നുന്നു. അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി.

  ReplyDelete
 18. ആനന്ദ്..ഈ വഴി വരുവാന്‍ അല്‍പ്പം വൈകി.

  കാച്ചി കുറുക്കിയ കവിത തന്നെ സംശയമില്ല.

  ഒരു പ്രണയകാലത്തിന്‍റെ സൌരഭ്യം മാഞ്ഞുപോവാതെ പകര്‍ത്തിയ വരികള്‍...

  വളരെയധികം ഇഷ്ടപ്പെട്ടു ഈ കവിത...

  അഭിനന്ദനങ്ങള്‍ !

  ReplyDelete
 19. കവിതകളിലെ കവിത. മനോഹരമായി എഴുതിയ വരികള്‍ വീണ്ടും വായിക്കാന്‍ തോന്നുന്നു.

  ReplyDelete
 20. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

  ReplyDelete
 21. നല്ല കവിത.. നന്നായിരിക്കുന്നു

  ReplyDelete
 22. താളത്തില്‍ മേളത്തില്‍ .....
  ഹൃദ്യം.:)

  ReplyDelete
 23. അതിമനോഹരമായിരിക്കുന്നു

  ReplyDelete
 24. Gopan (ഗോപന്‍) ,നരിക്കുന്നന്‍,sv, mmrwrites, വേണു,വഴിപോക്കന്‍[Vazhipokkan], കുമാരന്‍ : കവിത വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. :-)

  ReplyDelete
 25. വായിക്കുവാൻ താമസിചു പൊയി....നല്ല കവിത....ഇനിയും എഴുതു....ഇഷ്റ്റമായി...

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു