Posts

Showing posts from April, 2008

ഭാവങ്ങള്‍

ഒഴുകും ജലത്തിന്ന്
നിറമൊന്നു മാത്രമോ?
കരയുന്ന കുഞ്ഞിന്‌
കദനങ്ങള്‍ മാത്രമോ?

ആഴിതന്‍ അടിയിലായ്
മുത്തുകള്‍ മാത്രമോ?
സ്നേഹത്തില്‍ മുങ്ങുവാന്‍
നിന്‍ ഇണ മാത്രമോ?

കാറ്റിന്‍റെ ചിന്തയ്ക്ക്
ദിശയൊന്നു മാത്രമോ?
കാറിന്നു പെയ്യുവാന്‍
വഴിയൊന്നു മാത്രമോ?

കാനന ഭംഗിക്ക്‌
സുമമൊന്നു മാത്രമോ?
കാട്ടിലെ ചില്ലയ്ക്ക്
ലതയൊന്നു മാത്രമോ?

ഞാനെന്‍റെ ഹൃത്തിലായ്
മോഹങ്ങള്‍ കാക്കവേ,
നീയെന്തിനീ വഴി
നോവുമായ് വന്നിടാന്‍?

ഇല്ല, നിനക്കിനി
കീറി മുറിക്കുവാന്‍
തെല്ലു വലുതായ
നെഞ്ചകം കിട്ടില്ല!


ഇനി ഒരു ചോദ്യം: ടൈറ്റില്‍ പടത്തില്‍ കാണുന്ന ജലം ഏത് സ്ഥലത്തെ? സമ്മാനം തരുന്നതല്ല!
ഒരു 'ഗ്ലൂ': വളരെ പ്രസിദ്ധമായ ഒരു ജയിലിന് ചുറ്റിലൂടെ ഒഴുകുന്ന ജലം.

നാലു ദശകങ്ങളുടെ വിഴുപ്പുകള്‍

ഒന്ന്
എണ്ണതീര്‍ന്നെരിഞ്ഞടങ്ങിയ
വിളക്കിന്‍ തിരിതന്‍
ശവംനാറി ഗന്ധം
നനഞ്ഞ വിറകിനാ-
ലാഹാരം ദഹിപ്പിക്കുവാനൊ-
ടുക്കത്തെ പ്രയത്നം
പുകയിലൊടുങ്ങിയ
സ്ത്രീത്വത്തിന്‍
നിലയ്ക്കാത്ത കണ്ണീര്‍.

രണ്ട്
കടപ്പാട് വേണ്ട,
നിനക്കീ പിറന്ന
മണ്ണിന്‍ ചൂട് മാത്രം
പിണങ്ങിയ ലോകത്തിന്‍
നിലയ്ക്കാത്ത ജാര-
പ്പുലമ്പലുകള്‍ക്കെന്തര്‍ത്ഥം?
സ്വാദേറെയാണ്, സഖേ
നിന്‍ വിയര്‍പ്പിന്‍
ചെറുകണങ്ങള്‍ക്കന്ന്,
സ്നേഹത്തിന്‍ മാസം-
തികയാത്ത ഗര്‍ഭം.

മൂന്ന്
വിലക്കപ്പെട്ടതെല്ലാം
ചൂണ്ടയില്‍ കുരുക്കി
പിടിച്ചെടുക്കുവാനുള്ള തന്ത്രം
വിഴുപ്പലക്കി, പിഴിഞ്ഞ്
കുടഞ്ഞെടുത്തപ്പോള്‍
ശിഷ്ടമായ ദുര്‍ഗന്ധം
വെറുക്കണോ, നിന്നെയെന്‍
സുഹൃത്തേ, തെല്ലു
നന്നായ്‌ കരയട്ടെ ഞാന്‍‍.

നാല്
വ്രണിത മോഹങ്ങള്‍ക്കാശ്വാസ-
മായിളം കാറ്റുമായരികി-
ലെത്തിയ വനദേവത
" സ്വപ്നങ്ങള്‍ കാണുക,
അവ നടപ്പാക്കു നീ
പിന്നെ, നഷ്ടസ്വപ്നങ്ങള്‍
താനേ മറന്നു പോം"

ഊരു വിലക്കപ്പെട്ടവന്‍റെ ആത്മരോഷം

ഇതു പാടിയതിന്‍റെ ലിങ്ക് ഇവിടെ
.........................

എവിടെ തുടങ്ങണം? അറിയില്ല, വേദന-
യറിയാന്‍ മറക്കുന്ന ദുഷ്ട ജന്മങ്ങളേ
എന്തിനു തേങ്ങണം? നിങ്ങളും, നിങ്ങടെ
പണ്‍ടേ കുഴിച്ചു മുടേണ്‍ട ശാസ്ത്രങ്ങളും

ഉറയുന്ന ചോരയിതിലുയരുന്ന തേങ്ങലുക-
ളൂറ്റിക്കുടിക്കുവാന്‍ നീളുന്ന ദംഷ്ട്രങ്ങള്‍
തോരാത്ത മഴയിലും തീരാത്ത കണ്ണുനീര്‍,
കാലം കടം തന്ന ശോക നിശ്വാസങ്ങള്‍

ആവുമോ നിങ്ങള്‍ക്ക് വീണ്ടുമാ ചോരതന്‍
പാപ ഭാരങ്ങള്‍ കഴുകി കളയുവാന്‍?
ആവില്ല നിങ്ങള്‍ക്ക് വീറുള്ള ഞങ്ങടെ
വേറിട്ട സ്വപ്നങ്ങള്‍ പാടേ തകര്‍ക്കുവാന്‍

എരിയുന്ന തീയിലേയ്ക്കെണ്ണ പോല്‍ ഞാനെന്‍റെ
പിടയുന്ന നെഞ്ചകം കാണിച്ചു ചോദിക്കാം
മണ്ണിന്നു കെട്ടാം മതിലുകള്‍ നിങ്ങള്‍ക്ക്,
ഞങ്ങടെ മനസ്സിന്നു ചുറ്റിനും മതിലു കെട്ടാമോ?

സിംഹാസനത്തിനാല്‍ ചന്തി തേയുമ്പൊഴും
സേവകര്‍ വല്ലാതെ സുഖമേകുമ്പോഴും
അധികാര മത്തിനാല്‍ വിധി പറയുമ്പോഴും
ഓര്‍ക്കുക,
സംവത്സരം നൂറ് പിന്നോട്ട് കൊണ്ടുപോം
നിങ്ങടെ നാറിയ,
ജാതി ചിന്ത തന്‍ താരാട്ട് പാട്ടിനാല്‍!

എന്നും പ്രഭ തൂകാന്‍ വെമ്പുന്ന സൂര്യന്
ഇന്നും കിഴക്കുദിക്കാനേ കഴിയുള്ളൂ
കാലം മാറിയതറിയാത്ത ദേവന്നു,
കാതലായെന്തോ കുഴപ്പമുണ്‍ടെന്നു തോന്നുന്നുവോ?