വൈകിയിട്ടില്ല, അല്ലെ?

വെറുതെ കോറിയിട്ട വരികളില്‍ പ്രണയം
സ്വപ്നങ്ങള്‍ക്കേഴു വര്‍ണങ്ങള്‍
നിശ്വാസത്തിന് ജീവിത ഗന്ധം
നിന്‍ മിഴികളിലോരേ വികാരം
ജീവിത യാത്ര തുടങ്ങുകയായ്!

സമയം കളയാനില്ലത്രേ!
മൂന്നാണ്ടില്‍ രണ്ടു കുട്ടികള്‍
അവരുടെ തേങ്ങല്‍, കിടപ്പ്‌, ഇഴയല്‍,
നടപ്പ്, ചാട്ടം, കളികള്‍, കിതപ്പ്
പഠിത്തം, ട്യു‌ഷന്‍, ഡാന്‍സ്, പാട്ട്
എല്ലാം കഴിയുമ്പോള്‍ സമയം പോരത്രേ!

അച്ഛനുമമ്മയ്ക്കും എന്തിന്‍റെ പ്രയാസമാ?
കാശിനു കാശ്, വലിയ വീട്, കാറ്,
കാവലിന് നല്ല അല്‍സേഷന്‍ പട്ടിയും
ടീവീലെന്തെല്ലാം പരിപാടിയാ ഇപ്പോള്‍!
എന്തേലും ആവശ്യമുണ്ടേല്‍
ഫോണെടുത്തൊന്നു കറക്കിയാല്‍ പോരെ?

അച്ഛന്‌ കാലിനു വേദന കൂടിയാല്‍
വൈദ്യനെ കാണാന്‍ മറക്കണ്ട
കുമാരനെ വിളിച്ചു കുഴമ്പിട്ട്
നല്ലോണം തിരുമ്മിക്കണം
പിള്ളേരുടെ പരീക്ഷ കഴിഞ്ഞാല്‍
അവധി എടുത്തു വരാം,
അല്ലാതെന്തു ചെയ്യാനാ?

പിള്ളേര് വലുതായ്പ്പോയിനി
കല്യാണം കഴിപ്പിക്കണം
അമ്മയ്ക്കാകുമ്പോള്‍ അമ്പലത്തില്‍
വരുന്നോരെ പരിചയമാണല്ലോ
നല്ല പയ്യന്‍മാരുണ്ടോന്ന് നോക്കണേ
മൂത്തവളുടേതുടനെ നടത്തണം
രണ്ടാമാത്തേവള്‍ക്കു ധൃതിയില്ല

അടിയന്തിരത്തിനെല്ലാരേം വിളിച്ചോ?
അല്ലേലും കുഴപ്പമാവും
കുറച്ചു കാലം പ്രായമായവരെ
നോക്കി നില്ക്കണമെന്നുണ്ടായിരുന്നു
ആ! ഇതൊക്കെ ഒരു വിധി,
അല്ലാതെന്തു പറയാനാ?

നമ്മളിനി തിരിച്ചു ചെല്ലുമ്പോള്‍
‍വീട് ശൂന്യം, നമുക്കു പ്രേമിക്കാന്‍
സമയം ഇഷ്ടംപോലെ
പക്ഷെ പ്രായമായ്പ്പോയ്!
വൈകിയിട്ടില്ല, അല്ലെ?

Comments

 1. നമ്മളിനി തിരിച്ചു ചെല്ലുമ്പോള്‍
  ‍വീട് ശൂന്യം, നമുക്കു പ്രേമിക്കാന്‍
  സമയം ഇഷ്ടംപോലെ
  പക്ഷെ പ്രായമായ്പ്പോയ്!
  വൈകിയിട്ടില്ല, അല്ലെ?

  ReplyDelete
 2. ഇല്ല, വൈകിയിട്ടില്ല.

  ഇത്രയെങ്കിലും ബാക്കിയുണ്ടല്ലോ...

  ReplyDelete
 3. വൈകിയിട്ടില്ല ഇനിയും സമയമുണ്ട്‌ എന്ന് വെറുതെ വിചാരിച്ചിരിക്കുന്നു നമ്മളെല്ലാം. കാലം പോകുന്നത്‌ അറിയുന്നേ ഇല്ല. അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്നു.

  ReplyDelete
 4. ശ്രീവല്ലഭന്‍ ഫാസ്റ്റ്ഫോര്‍വേഡ് മോഡിലാണല്ലോ..
  ഇടയ്ക്കതു നല്ലതാണല്ലെ..ചില വെളിപാടുകള്‍ കിട്ടും

  ReplyDelete
 5. സമയം ഒട്ടും വൈകുന്നില്ല... നമ്മളതു തിരിച്ചറിയാനാണു വൈകുന്നത്.... നല്ല ചിന്തകള്‍..

  ReplyDelete
 6. നല്ല പോസ്റ്റ് വല്ലഭ് ജി.
  :-)

  ReplyDelete
 7. വല്ലഭന്‍,ഇതാര്‍ക്കയച്ച കത്ത.വീടിലെക്കോ,അതോ മറ്റെവിടെയോ..പക്ഷെ..ഇതെല്ലാം കഴിയുമ്പോള്‍ ആര്‍ക്കാ മാഷേ സമയം.

  സമയം തീരെ പോര

  :)

  ReplyDelete
 8. ഹേയ്, വൈകിയിട്ടില്ലെന്ന് വച്ചങ്ങ് നാട്ടിലേക്ക് പോവുക തന്നെ. അല്ലാതെന്താ ഇപ്പോ ചെയ്യുക :)

  ReplyDelete
 9. വൈകിയിട്ടില്ല.കൊച്ചുമകളുടെ കല്യാണം കൂടെ കഴിഞ്ഞിട്ടു പ്രണയിച്ചാലും മതി

  ReplyDelete
 10. കത്ത് വായിച്ചു. ഇനിയും വൈകിയിട്ടില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.

  ReplyDelete
 11. പ്രണയത്തിനു പ്രായം തടസ്സമാകില്ലല്ലൊ മാഷേ.
  :)

  ReplyDelete
 12. ഇല്ല വൈകിയിട്ടില്ല... ഇനിയെങ്കിലും എത്താന്‍ ശ്രമിച്ചാല്‍ മതി :)
  നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍

  ReplyDelete
 13. പ്രണയം അനശ്വരമല്ലേ, ച്ചിരി വൈകിയാലും കുഴപ്പമില്ലന്നേ.

  ReplyDelete
 14. പക്ഷെ സമയം ഒരിയ്ക്കലും നമുക്കായ് കാത്തുനില്‍ക്കാറില്ല കെട്ടൊ.ആ പറഞ്ഞേക്കാം

  ReplyDelete
 15. കണ്ണടച്ചു തുറക്കുന്ന വേഗതയിലല്ലേ സമയം പോകുന്നത്! അമ്മയോടോപ്പം ഒന്നാം ക്ലാസ്സില്‍ പോയത് ഇന്നലെയെന്നു തോന്നുന്നു .......

  ReplyDelete
 16. പ്രണയം മാത്രമേ അനശ്വരമായിട്ടുള്ളൂ, പ്രണയിക്കുന്നവന്റെ ശരീരം നശ്വരമാണ്........

  അതായത് ശ്രീവല്ലഭേട്ടാ സമയത്തുപ്രേമിക്കാതെ നടന്നിട്ട് ഇപ്പോ കെടന്ന് വൈകിപ്പോയില്ലല്ലോ എന്നു ചോദിക്കുന്നത് ഒരു തരം തോന്ന്യാസമല്ലേ?

  ReplyDelete
 17. പ്രിയ, ഗോപന്‍, മഴത്തുള്ളി, ഷാരു, കൃഷ്‌, ശ്രീ, സജി, വടവോസ്കി, ഭൂമിപുത്രി, പാമരന്‍, കാപ്പിലാന്‍, ഹരിത്, വാല്‍മീകി, ഗീതാ, തോന്ന്യാസി: ജീവിതത്തെ കുറിച്ച് ഒന്നോര്‍ത്തുപോയതാണ്. കാലം പോകുന്നത് നമ്മള്‍ അറിയുന്നില്ല. അപ്പപ്പോഴത്തെ പ്രയാസങ്ങളും വിഷമങ്ങളും കഴിഞ്ഞു നമ്മള്‍ നമുക്കു വേണ്ടി എപ്പോഴാണ് സമയം കണ്ടെത്തുന്നത് എന്നുള്ള ചോദ്യം പലപ്പോഴും വരാരുണ്ട്. നന്ദി.

  തോന്ന്യാസി, തോന്ന്യാസം പറയരുത്. ഇപ്പോള്‍ കിട്ടുന്ന സമയം പോരെന്നാണ് പറഞ്ഞത്. ഇനീം വേണം.....:-)

  ReplyDelete
 18. വല്ലഭന്‍ മാഷെ തെരക്കുകാരണം സമയത്തൊന്നും വായിക്കാന്‍ സാധിക്കുന്നില്ല എന്നാലും സാരമില്ല.ഞാന്‍ വൈകിയിട്ടില്ലല്ലൊ അല്ലെ..:) നന്നായിരിക്കുന്നു..

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു