Saturday, 5 November 2016

ലോസാൻ മാരത്തൺ - രണ്ടാമത്തെ ഹാഫ് മാരത്തൺ ഓട്ടം

അങ്ങിനെ അത് കഴിഞ്ഞു. ലോസാൻ മാരത്തൺ,ഹാഫ് മാരത്തൺ ഓട്ടം 2:37:31! മേ യിൽ ജനീവയിൽ ഓടിയതിനേക്കാൾ പന്ത്രണ്ട് മിനുട്ട് കൂടുതൽ എടുത്തു 21.1 കി മീ ഓടിത്തള്ളാൻ.

മേയിൽ ഓടുന്നതിന് മുൻപ് പതിനാല് ആഴ്ച കൊണ്ട് 350 കിലോമീറ്റർ ഓടിയിരുന്നു. അതിൽ തന്നെ ഏപ്രിൽ മാസം മൂന്ന് തവണ പത്ത് കിലോമീറ്ററും ഒരിക്കൽ പതിനഞ്ചും ഒരു പ്രാവശ്യം 21 കിലോമീറ്ററും ഓടി. അപ്പോഴാണ് ഒരു കോൺഫിഡൻസ് വന്നത്.

ഇത്തവണ പൂര ഉഴപ്പായിരുന്നു. ജൂണിൽ നാല് തവണ, ജൂലൈ രണ്ട് തവണ, ആഗസ്റ്റ് മൂന്നു തവണ പത്ത് കിലോമീറ്റർ വച്ച് ഓടിയിരുന്നെങ്കിലും സെപ്റ്റമ്പർ യാത്രയും ഉഴപ്പും ഒക്കെയായി ആകെ പതിമൂന്നു കിലോമീറ്റർ മാത്രമേ ഓടിയിരുന്നുള്ളു. സ്പീഡ് കൂട്ടാൻ ശ്രമങ്ങൾ നടത്തിയപ്പോൾ രണ്ട് കാലിലെയും ആങ്കിളിന് ചെറിയ വേദന തുടങ്ങി. കൂടാതെ നല്ല പുതിയ ഷൂസ് വാങ്ങി. അത് കാലിന് അത്ര പിടിക്കാത്തത് ഒരു കാരണമാകാം എന്ന് ഓട്ടക്കാർ പറയുന്നു. ഒക്ടോബറിൽ രണ്ട് തവണ വീണ്ടും പത്ത് കിലോമീറ്റർ ഓടി. സാധാരണ സ്പീഡ് പത്ത് കിലോമീറ്ററിന് 55 to 58 മിനുട്ട് ആക്കി കുറച്ചിരുന്നു. പക്ഷെ ഇതൊന്നും ലോസാനിൽ ഓടാൻ പോയപ്പോൾ കണ്ടില്ല.
ആദ്യ രണ്ട് കിലോമീറ്റർ പതിനൊന്നര മിനിറ്റിൽ, മൂന്ന് കിലോമീറ്റർ 18 മിനുട്ടിൽ. അപ്പോൾ കുഴപ്പമില്ലെന്ന് തോന്നിയെങ്കിലും പിന്നെ പതുക്കെയായി. അണയ്ക്കാൻ തുടങ്ങി. ആദ്യ നാലര കിലോമീറ്റർ നിൽക്കാതെ ഓടി, പിന്നെ പതുക്കെ ഒരു പത്തിരുപത് സെക്കന്റ് നടന്നു. ദാഹം കലശ്ശലായി. നല്ല തണുത്ത കാറ്റ്. വായൊക്കെ ഉണങ്ങി. അഞ്ച് കിലോമീറ്റർ എത്തിയാൽ വെള്ളം കിട്ടും. ഒരു വിധത്തിൽ മുപ്പത്തി ഒന്ന് മിനുട്ട് കൊണ്ട് അഞ്ചു കിലോമീറ്റർ ഓടി. മെയിൽ ഓടിയതിനേക്കാൾ നാൽപ്പതു സെക്കൻറ് കൂടുതൽ എടുത്തു. എങ്കിലും ഓടി കഴിഞ്ഞ തവണത്തെ ടാർഗറ്റ് 2:25:34 എത്തിക്കാമെന്ന് തോന്നി. അടുത്ത ഓരോ കിലോമീറ്ററും കഠിനമായിത്തുടങ്ങി. എട്ടു കിലോമീറ്റർ വരെ ഏഴ് മിനുട്ടിൽ കൂടുതൽ എടുത്തിരുന്നില്ല. ഏകദേശം 9 കിലോമീറ്റർ/ മണിക്കൂർ. 9, 10 സ്പീഡ് വീണ്ടും കുറയ്‌ക്കേണ്ടി വന്നു. ഒരുമാതിരി നല്ല കയറ്റം. ഒരു വിധത്തിൽ 67 മിനുട്ട് കൊണ്ട് 10 കിലോമീറ്റർ കടന്നു. ജനീവയിൽ ഓടിയതിനേക്കാൾ ഒരു മിനുട്ടിലധികം കൂടുതൽ എടുത്തു. എങ്കിലും 2:30:00 നകത്ത് കടന്നു കൂടാമെന്നു തോന്നി.കാലിലെ ആങ്കിൾ ചെറുതായി വേദന തുടങ്ങി. വെള്ളം കുടിച്ച് വീണ്ടും ഓട്ടം. ജനീവ തടാകത്തിൻറെ വശങ്ങളിലൂടെയാണ് മുഴുവൻ ഓട്ടം. മറുവശത്ത് മുഴുവൻ മുന്തിരിത്തോട്ടങ്ങൾ. തണുപ്പ് തുടങ്ങിയതിനാൽ അത്ര ഭംഗി തോന്നിയില്ല. അത് തന്നെയല്ല, ക്ഷീണം കൊണ്ട് അത്ര ഭംഗി ആസ്വദിക്കാനുള്ള അവസ്ഥയിലായിരുന്നില്ല. ഫോട്ടോ ഒന്നുരണ്ടെണ്ണം എടുത്തെങ്കിലും പിന്നെ അതിനുള്ള മൂഡ് തോന്നിയില്ല.


9 മുതൽ 13 കിലോമീറ്റർ വരെ ഏകദേശം 8.5 കിമീ/ മണിക്കൂർ ഓടി. ഒരു രക്ഷയുമില്ലാതെ മസിലുകൾ പിടിക്കുമോ എന്ന് തോന്നി. ഓട്ടം തുടങ്ങുന്നതിനു മുൻപും ഓട്ടത്തിനിടയിലും നന്നായി വെള്ളവും ജ്യൂസും ഒക്കെ കുടിച്ചിരുന്നതാണ്. ഓട്ടം അൽപ്പം സ്ലോ ആക്കാതെ തരമില്ലെന്നായി. 90 മിനുട്ടിൽ 13 കിലോമീറ്റർ എത്തി. 14 മുതൽ 18 വരെ ഏകദേശം 8 കി മീ സ്പീഡ് ആയി. രണ്ട് മണിക്കൂർ ആയപ്പോഴേയ്ക്കും 17 കിലോമീറ്റർ മാത്രമേ കഴിഞ്ഞുള്ളു. ജനീവയിൽ രണ്ട് മണിക്കൂർ കൊണ്ട് 18 കിലോമീറ്റർ ഓടിയത് ഓർമ്മയിലെത്തി. പിന്നെയും നാല് കിലോമീറ്ററിലധികം. ഓട്ടത്തിന്റെ സ്പീഡും മസിലിൻറെ അവസ്ഥയും ഒക്കെ കണക്കാക്കി 2:30:00 നടക്കുമെന്നുള്ള വിശ്വാസം നഷ്ടപ്പെട്ടു. 2:35:00 പറ്റിയേക്കും എന്നൊരു തോന്നൽ.

പതിനെട്ട് കിമീ കഴിഞ്ഞപ്പോഴേയ്ക്കും മറ്റൊരു പ്രശ്‍നം- തണുത്ത കാറ്റും ഇടയ്ക്കുള്ള വെള്ളം കുട്ടിയും ഒക്കെ ആയപ്പോഴേയ്ക്കും മുള്ളാൻ മുട്ടിത്തുടങ്ങി. ജനീവയിൽ ആ പ്രശ്‍നം ഉണ്ടായിരുന്നില്ല. ചിലർ സൈഡിലെ കാട്ടിൽ കയറി സാധിക്കുന്നത് കണ്ടിരുന്നു. ലോസാനിൽ അതിനുള്ള സ്ഥലം ഇല്ല. രണ്ട് സൈഡിലും വീടുകൾ. ഭാഗ്യത്തിന് ഒരു ടെമ്പററി ടോയിലറ്റ് കണ്ടു, അതിൽ ആളില്ലായിരുന്നതിനാൽ ഇടിച്ചു കയറി. ഒന്നൊന്നര മിനുട്ട് അങ്ങിനെ കളഞ്ഞു. എങ്കിലും കാലിനും വയറിനും മനസ്സിനും എല്ലാം ഒരു ആശ്വാസം. പിന്നെയും രണ്ട് കിലോമീറ്റർ. 19 കിമീ ആയപ്പോഴേയ്ക്കും എന്നാൽ ഭാര്യയെ വിളിച്ച് പതിനഞ്ച് ഇരുപത് മിനിറ്റിനകം എത്തുമെന്ന് പറയാമെന്ന് കരുതി നോക്കിയതും ഫോൺ ബാറ്ററി ചാർജ് തീർന്നു. പിന്നെ സമയമറിയാൻ വഴിയുമില്ല. എങ്കിലും 2:18:30 എന്ന് മിന്നായം പോലെ കണ്ടിരുന്നു. 19 ആം കിമീ 9.40 മിനുട്ട് കൊണ്ടാണ് തീർത്തത്! 6.2കി മീ/ മണിക്കൂർ. കാലിലെ മസിൽ പിടിക്കുമോ എന്ന പേടിയും തുടങ്ങി. അതുകൊണ്ട് തന്നെ പതുക്കെ മതിയെന്ന് കരുതി. പിന്നെയും ഒരു ഇരുപത് മിനുട്ട് എടുക്കും എന്ന് തോന്നി. അവസാനം ഫിനിഷിംഗ് പോയന്റിൽ സമയം കണ്ടപ്പോൾ ഏകദേശം 2:37:00 നടുത്ത് ഫിനിഷ് ചെയ്‌തെന്ന് മനസ്സിലായി.

@near point
*
ഇപ്രാവശ്യം കൃത്യമായ ട്രെയിനിങ് ഇല്ലാഞ്ഞത് പത്ത് കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞു തുടങ്ങി. ഒന്ന് രണ്ട് പ്രാവശ്യമെങ്കിലും പതിനഞ്ച് കിമീ ഓടേണ്ടതായിരുന്നു. അഞ്ചു മാസം മുൻപ് ഹാഫ് മാരത്തൺ ഓടിയ തഴമ്പും കൊണ്ട് ഓടാൻ ശ്രമിക്കരുത്! നന്നായി ട്രെയിൻ ചെയ്യണം. ഞാൻ ജിമ്മിലെ ട്രെഡ്മില്ലിലാണ് ഓടുന്നത്. അത് ഇഞ്ചുറി കൂട്ടാൻ സാധ്യതയുണ്ടാക്കുന്നു. പ്രത്യേകിച്ചും ഇത്രയും ദൂരം ഓടുമ്പോൾ. എനിക്ക് ഒറ്റയ്ക്ക് പുറത്ത് ഓടാൻ അത്ര താത്പര്യമില്ല. നാലഞ്ച് കി മീ ആകുമ്പോഴേയ്ക്കും മടുക്കും. മാരത്തൺ കൂടുതൽ ആളുകൾ ഉള്ളത് കൊണ്ട് രസമാണ്. വെയ്റ്റ് കഴിഞ്ഞ മെയിലെക്കാൾ ഇടയ്ക്ക് നാല് കിലോ കുറച്ചെങ്കിലും വീണ്ടും മൂന്ന് മൂന്നര കിലോ തിരിച്ചു വന്നു. അത് കൊണ്ട് അൽപ്പം ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. മെയിൽ ഓടി തിരിച്ച് കൂളായി വന്നതാണ്. പക്ഷെ ഇന്ന് കാലിലെ മസിലിനും ആങ്കിളിനും ചെറിയ നാഗിങ് വേദനയുണ്ട്. രണ്ട് ദിവസം കൊണ്ട് മാറുമായിരിക്കും.

*
അൻപത് വയസ്സിന് മുൻപ് ഒരു ഫുൾ മാരത്തൺ ഓടണമെന്ന് വിചാരിച്ചിരുന്നു. പക്ഷെ ഹാഫിൽ കൂടുതൽ ഓടാൻ പറ്റുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ഒരു പത്ത് കിലോ കുറയ്ക്കണം. അതീ ജമ്മത്ത് നടക്കൂല. അടുത്ത ഒരു ഹാഫ് മാരത്തൺ (മെയ്, 2017) കഴിഞ്ഞ ശേഷം ഒരു പക്ഷെ പറ്റുമെങ്കിൽ പത്ത് കിമീയിലേക്ക് മാറും. നമ്മളെക്കൊണ്ട് അത്രയൊക്കെയേ പറ്റൂന്ന് തോന്നുന്നു. നോക്കട്ടെ :-)
*

പറയാതിരിക്കാൻ തരമില്ല- ഒരു മെന കെട്ട  ടീ ഷർട്ട് ആയിരുന്നു ലോസാനിലേത്. അതുപോലെ തന്നെ ജനീവയെക്കാൾ വളരെ മോശം സർവീസും. ജനീവയിലെ ആവേശം ഒന്നും ലോസാനിൽ കണ്ടില്ല. വഴിയിൽ വളരെ കുറച്ച് ആളുകൾ മാത്രം. കൂടാതെ സ്പീഡ് കുറവുള്ളവരെ അവസാന ബ്ലോക്ക് ആയി വിടുന്നത് കൊണ്ട് അധികം ഓട്ടക്കാർ ഇല്ല. പതിമൂന്ന് പതിനാല് കിമീ കഴിഞ്ഞപ്പോഴേയ്ക്കും പലപ്പഴും വളരെ കുറച്ച് ഓട്ടക്കാർ മാത്രമേ കാണൂ മുന്നിലും പിന്നിലും. ബാക്കിയുള്ളവർ അപ്പഴേ അങ്ങെത്തിക്കാണും. ജനീവയിൽ എല്ലാവരും ഒന്നിച്ച് ഓടും. അത് കൊണ്ട് തന്നെ താമസിച്ച് ഓടിത്തുടങ്ങിയ കുറേപ്പേരെ നമ്മുടെ പിറകിൽ കാണും.

Monday, 10 October 2016

ആദ്യ ഹാഫ് മാരത്തൺ- My first half marathon experience


ഹാർമണി ജനീവ മാരത്തൺ ഫോർ യുണിസെഫ്, മെയ് 8, 2016 
Harmony Geneva Marathon for UNICEF, May 8, 2016

3909-ആം റാങ്ക്, 4237 പേര് മത്സരിച്ചതിൽ നിന്നും. 40-50 കാറ്റഗറിയിൽ 828 റാങ്ക്, 858 പേര് മത്സരിച്ചതിൽ നിന്നും!
At the finishing point- 21.1 km

Video of my run: https://youtu.be/o9O7aDti9Gc
***
ആദ്യ ഹാഫ് മാരത്തണ് നന്നായി പരിശീലനം നേടിയില്ലെങ്കിൽ പണി പാളും എന്ന് അറിയാമായിരുന്നതിനാൽ ജനുവരി പകുതി ആയപ്പോൾ തന്നെ നെറ്റിൽ നിന്നും ഒരു പരിശീലന പ്ലാൻ ഡൗൺലോഡ് ചെയ്തു. ആദ്യ അഞ്ചാറാഴ്ച അതനുസരിച്ച് ഓടി നോക്കിയപ്പോൾ ഒരു ആത്മവിശ്വാസം തോന്നിത്തുടങ്ങി. 

മെയ് ആദ്യം ആയപ്പോൾ പതിനാറ് ആഴ്ചയിൽ 350 കിലോമീറ്റർ ഓടിയിരുന്നു. അതിനിടെ മൂന്നു തവണ പത്ത് കിലോമീറ്റർ, ഒരു തവണ പതിനഞ്ച് കിലോമീറ്റർ, ഒരു തവണ ഇരുപത്തി ഒന്ന് കിലോമീറ്റർ എന്നിങ്ങനെ ഒട്ടിയിരുന്നു. ഏപ്രിൽ മാസം തന്നെ 150 കിലോമീറ്ററിലധികം ഓടി. അത് കൊണ്ട് തന്നെ തുടക്കം അൽപ്പം ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും ട്രെയിനിംഗ് നന്നായിരുന്നതിനാൽ ആത്മവിശ്വാസം തോന്നിയിരുന്നു. 
Near the starting point of Geneva half marathon
ആദ്യ മൂന്നു കിലോമീറ്റർ കഴിഞ്ഞതോടെ അണയ്ക്കാൻ തുടങ്ങി. മുഴുമിക്കാൻ പറ്റുമോ എന്ന് സംശയം തോന്നി. പതുക്കെ സമയം നോക്കിയപ്പോൾ ഞെട്ടി. വെറും പതിനെട്ട് മിനുട്ട്. 10 കിലോമീറ്റർ/ ,മണിക്കൂർ! അത്രയും സ്പീഡിലാണ് ഓടുന്നത് എന്ന് ശ്രദ്ധിച്ചിരുന്നില്ല. രണ്ടാം കിലോമീറ്റർ വെറും 5 മിനുട്ട് 44 സെക്കൻറ്- 10.4 കിലോമീറ്റർ/ ,മണിക്കൂർ! ചുമ്മാതല്ല ക്ഷീണിച്ചത്. ജിമ്മിൽ ഓടുമ്പോൾ 9 ആണ് സ്ഥിരം ഓടുന്നത്. പിന്നെ അഞ്ചാറു കിലൊമീറ്റർ കഴിയുമ്പോൾ പതുക്കെ രണ്ടു മിനുട്ട് 10-12 കിലോമീറ്റർ/ ,മണിക്കൂർ, പിന്നെ ഒരു മിനുട്ട് 6 കിലോമീറ്റർ/ ,മണിക്കൂർ അങ്ങിനെ സമയം അഡ്ജസ്റ്റ് ചെയ്ത് ഏകദേശം 7 മിനുട്ടിൽ ഒരു കിലോമീറ്റർ എന്ന കണക്കിൽ കൊണ്ടെത്തിക്കുകയാണ് പതിവ്.

ആദ്യ അഞ്ചു കിലോമീറ്റർ വെറും മുപ്പത്തി ഒന്ന് മിനുട്ടിൽ കഴിഞ്ഞു. ആറു കിലോമീറ്റർ കഴിഞ്ഞപ്പോൾ 38 മിനുട്ട്. പിന്നെ വെള്ളം കുടി ഒരു മിനുട്ട് കളഞ്ഞിട്ടുണ്ട്. ഏഴും എട്ടും കിലോമീറ്റർ കുറച്ചു കൂടി കട്ടിയായി തോന്നി. ഏഴു മിനുട്ടിൽ അധികം എടുത്ത ആദ്യ കിലോമീറ്ററുകൾ ഏഴും എട്ടും ആണ്. ഒൻപതും പത്തും കിലോമീറ്ററുകൾ ഏഴിൽ താഴെ നിന്നു.
Beautiful course- around 7km
പത്തു കിലോമീറ്റർ എത്തിയപ്പോൾ 1:05:54. കഴിഞ്ഞ വർഷം ഓടിയതിനെക്കാൾ 4 മിനുട്ട് 21 സെക്കൻറ് കുറച്ചു (70:33). അപ്പോൾ ഒരു സുഹൃത്തിനോട് അഞ്ചാറു ദിവസം മുൻപ് എഴുതിയത് ഓർമ്മ വന്നു.

< I was taking about 78-80 minutes for 10 km last year and at the marathon, I finished 10k in 70 minutes. Now my first 10k indoor timing is about 68 minutes. I hope to do the first 10k below 68, and then the 2nd 10k in 75 minutes. If I can do that, I will do it around 2.30. Lets see. >

11 ആയപ്പോഴേയ്ക്കും വീണ്ടും ക്ഷീണം. ടാറിടാത്ത ഇടവഴികളിലൂടെ ആയിരുന്നു ഓട്ടം. ഫൈനൽ അനാലിസിസിൽ 11- ആം കിലോമീറ്റർ ആണ് ഏറ്റവും കൂടുതൽ സമയം എടുത്തത്- 7.38 സെക്കൻറ്. പതിനൊന്നിൽ വെള്ളവും എനെർജി ഡ്രിങ്കും കുടിച്ച് ചെറിയ ഒരു കഷ്ണം പഴവും കഴിച്ച് വീണ്ടും ഓട്ടം. പന്ത്രണ്ടും പതിമൂന്നും രസകരമായിരുന്നു. വഴിയിൽ നിറയെ ജനക്കൂട്ടം, ലൌഡ് ലൈവ് മ്യൂസിക്, കൂടാതെ ലേക്ക് തീരത്തേയ്ക്ക് വലിയ തരക്കേടില്ലാത്ത ഇറക്കം. 13 വീണ്ടും ഏകദേശം 6 മിനുട്ടിൽ തീർത്തു. പിന്നീട് ലേക്ക് തീരത്ത് കൂടിയാണ് നാലഞ്ചു കിലോമീറ്റർ ഓട്ടം. ആളുകള് വളരെയധികം ഉണ്ടെങ്കിലും രസമാണെങ്കിലും ക്ഷീണം പിടികൂടിയിരുന്നു. രണ്ടു മിനുട്ട് നന്നായി ഓടും പിന്നെ ഒരു മുപ്പതു സെക്കൻറ് നടത്തം അങ്ങിനെയാക്കി ജിമ്മിലെ പരിശീലനം പോലെ ചെയ്തു തീര്ക്കാം എന്ന് തോന്നിത്തുടങ്ങി. 14 മുതൽ ഇരുപതു വരെ ഏകദേശം 7 മിനുട്ടിനടുത്ത് തീർത്തു. പതിനേഴിൽ വീണ്ടും വെള്ളം കുടി. അതുകൊണ്ടു പത്തിരുപതു സെക്കൻറ് അധികം എടുത്തു. പതിനേഴ് ആയപ്പോൾ സിറ്റി സെന്ററിൽ എത്തി. പിന്നെ കാണികള് വളരെയ ധികം ഉണ്ട്. അതിനിടെ കുറെ പേര് ഡീ ഹൈഡ്രേഷനും മസില് വേദനയായി ചികിത്സിക്കുന്നു. ഭാഗ്യം കൊണ്ട് മുട്ടിനും മസിലിനും വേദനയില്ല.

Around 13km

പതിനഞ്ച് പതിനാറ് കിലോമീറ്ററിൽ എത്തിയപ്പോൾ തന്നെ 2:30:00 ഉള്ളിൽ തന്നെ തീർക്കാം എന്ന് തോന്നിത്തുടങ്ങി. ശ്രമിച്ചാൽ 2:25:00 ആക്കാമെന്നും.


Around 15km
ഇരുപത് കിലോമീറ്റർ എത്തിയപ്പോഴേയ്ക്കും ഏകദേശം 2:16:00 ആയി. വീണ്ടും കറങ്ങി കറങ്ങി ലേക്ക് സൈഡിൽ എത്തി. ദൂരെ നിന്നും ഫിനിഷിംഗ് പോയന്റ് കാണാമെങ്കിലും Never ending എന്ന് തോന്നിത്തുടങ്ങി.


Near 19 km

ഒരു വിധത്തിൽ ഇരുനൂറു മീറ്റർ അടുത്ത് എത്തിയപ്പോൾ 2:23:00 കഴിഞ്ഞു. പിന്നെ ഒരു ഓട്ടം തന്നെ ആയിരുന്നു. എവിടെ നിന്നും എനർജി കിട്ടി എന്നറിയില്ല. കാലിന് മസിൽ പിടിക്കരുത് എന്ന് മാത്രമേ പേടി ഉണ്ടായുള്ളൂ. ചെറിയ വേദന പോലെ തോന്നി. അവസാനം ഫോണിൽ സമയം 2:25:30! ഫിനിഷിംഗ് പോയന്റിൽ എത്തി ഓഫ്‌ ആക്കാൻ കുറച്ച് സെക്കൻറ് എടുത്തതിനാൽ ഏകദേശം 2:25:00 അടുത്ത് എത്തി എന്ന് മനസ്സിലായി. വെബ്സൈറ്റ് ചെക്ക് ചെയ്തപ്പോൾ 2:25:16!

Near the finishing point
***
വളരെ രസകരമായ അനുഭവമായിരുന്നു. ജനീവയിലെ ഗ്രാമ പ്രദേശങ്ങളിലൂടെയുള്ള ഓട്ടം. രാവിലെ എട്ടരയ്ക്ക് തുടങ്ങിയ ഓട്ടം പത്തുമണി കഴിഞ്ഞതോടെ ചെറിയ ചൂട് തുടങ്ങി. എങ്കിലും അപ്പോഴേയ്ക്കും ലേക്ക് തീരത്ത് എത്തിയത് കൊണ്ട് നല്ല കാറ്റ് ഉണ്ടായിരുന്നു. പത്തു പതിനൊന്നു കിലോ മീറ്റർ കഴിഞ്ഞതോടെ കൂടെ മുഴുവൻ സ്ത്രീ ജനങ്ങളും കുറച്ചു പ്രായമായവരും മാത്രമായി. റാങ്ക് കണ്ടാൽ മനസ്സിലാവുമല്ലോ. ഇടയ്ക്കിടെ നടക്കുമ്പോൾ ഫോട്ടോയും എടുത്തു. ചിലത് ഇടുന്നു. മുട്ട് ചതിച്ചില്ലെങ്കിൽ അടുത്ത കൊല്ലവും ഓടും. 
***
ഫിനിഷിംഗ് പോയൻറിന് ഒരു കിലോമീറ്റർ മാത്രം ഉള്ളപ്പോൾ ഈ ഫ്രഞ്ച് പയ്യൻ എന്തോ ചോദിച്ചു. ആള് ആകെ ക്ഷീണിച്ച് കാലും മസിലും വേദനിക്കുന്നു എന്ന് പറഞ്ഞു.
പതുക്കെ നടന്നിട്ട് ഓടി തീർക്കാൻ പറഞ്ഞു. നിൽക്കാതെ ഒന്നിച്ച് ഓടാമെന്ന് അവനും. അങ്ങിനെ കുറച്ചു ദൂരം ഒന്നിച്ച് ഓടി. പിന്നെ പയ്യനെ നോക്കിയില്ല, പക്ഷെ പിറകിൽ അവനും ഉണ്ടായിരുന്നു എന്ന് ഈ ഫോട്ടോകൾ പറയുന്നു.

Near 20km
Near finishing  point....

Tuesday, 12 May 2015

ആദ്യ ദീർഘദൂര ഓട്ടം

മേയ്  രണ്ടിന് ജനീവ മാരത്തണിൽ പത്തു കിലോമീറ്റർ ഓടിയത് വളരെ ആത്മവിശ്വാസം തന്നു എന്ന് തന്നെ പറയാം. കഴിഞ്ഞ ജൂലൈ പതിനാറിന് തുടങ്ങിയ ഫിറ്റ്നസ് പരിപാടിയും കൂട്ടത്തിൽ ഫുഡ്‌ കൊണ്ട്രോൾ ചെയ്തതും വളരെ പെട്ടന്ന് തന്നെ വെയ്റ്റ് കുറയ്ക്കാൻ സഹായിച്ചു. ഒക്ടോബർ ആയപ്പോൾ രണ്ടു മൂന്നു പ്രാവശ്യം ഒരു മണിക്കൂർ കൊണ്ട് 8-8.5 കി മീ ഓടി. നവമ്പറിൽ കൊച്ചി മാരത്തണിൽ പ്ലസിലുള്ള പയ്യൻമാര് വെറും അഞ്ചു കി മീ ഓടി വല്യ നമ്പര് വിട്ടപ്പോൾ വെറുതെ ഇവിടെയുള്ള മാരത്തണ്‍ എപ്പോഴാണ് എന്ന് നോക്കി. ഉടനെ തന്നെ ഒരു പത്തു കി മി ഓടാൻ രെജിസ്റ്റർ ചെയ്തു. നവംബർ ആയപ്പോൾ തന്നെ ഏഴെട്ടു കിലോ വെയ്റ്റ് കുറഞ്ഞതു കൊണ്ട് മെയ് ആകുംപോഴെയ്ക്കും ഒരു പതിനഞ്ചു കിലോ വെയ്റ്റ് കുറയ്ക്കാം എന്നൊക്കെയുള്ള വ്യാമോഹവും  ഉണ്ടായിരുന്നു. ഏതായാലും ആറു മാസം കൊണ്ട് പത്തു കിലോ കുറച്ചെങ്കിലും ഫെബ്രുവരി, മാർച്ച്  മാസങ്ങളിലെ യാത്ര, കുറച്ചു സമയം മാത്രമുള്ള ജിമ്മിൽ പോക്ക് (രണ്ടു മണിക്കൂർ പോയിരുന്നത് ഇപ്പോൾ 75-90 മിനുട്ട് ആണ്), ഫുഡ്‌ നിയന്ത്രണത്തിലുള്ള വീഴ്ചകൾ എന്നിങ്ങനെയുള്ള കുരുക്കുകൾ കാരണം കുറച്ച ഒരു മൂന്നു കിലോ തിരിച്ചു വന്നു. 
**

മാർച്ച് ആയപ്പോൾ മെയ് രണ്ടിന് 10 കി മീ ഓടണമല്ലോ, അതിന് പരിശീലിക്കാം  എന്നൊക്കെ ഓർത്ത് വീണ്ടും പതിനഞ്ചും ഇരുപതും മിനുട്ട് ജിമ്മിൽ ഓടാൻ തുടങ്ങി.  പക്ഷെ ആകെ പതിമൂന്നോ പതിനാലോ ദിവസമേ ജിമ്മിൽ പോയുള്ളൂ. ഏപ്രിലും തഥൈവ. ഏപ്രിൽ അവസാന ആഴ്ച വരെ ഇടയ്ക്കിടെ പത്തോ ഇരുപതോ മിനുട്ട് മാത്രം ഓടി. ജിമ്മിൽ പോകുന്ന എല്ലാ ദിവസവും 30-40 മിനുട്ട് സൈക്കിൾ ചവിട്ടി. ജിമ്മിൽ തുടർച്ചയായി ഓടാനും സ്പീഡിൽ ഓടാനും കഴിയില്ല. പിന്നെ ഏപ്രിൽ മുപ്പതിന് എന്തും വരട്ടെ എന്ന് കരുതി ഓടി. 72 മിനുട്ടിൽ 9.25 കി മീ ഓടി. അതിൽ ആറോ ഏഴോ മിനുട്ട് മാത്രമേ നടന്നുള്ളൂ. വീണ്ടും ഓടാനുള്ള ഊർജം ഉണ്ടായിരുന്നു. അപ്പൊ ഒരു 75- 80 മിനുട്ടിൽ ഓടിയും നടന്നും അങ്ങ് ചെന്ന് പറ്റാം എന്നൊരു തോന്നൽ ഉണ്ടായിരുന്നു. വെളിയിൽ ഒരിക്കൽ പോലും ഓടി പ്രാക്ടീസ് ചെയ്തിരുന്നില്ല. പിറ്റേന്ന് മസിലിനൊക്കെ ചെറിയ വേദന. മുട്ടിന് ഒരു ചെറിയ പ്രശ്നം. പിന്നെ ഒരു ദിവസം ജിമ്മിൽ പോകാതെ റസ്റ്റ്‌. നോക്കി പറ്റിയില്ലെങ്കിൽ പതുക്കെ ഇങ്ങു പോരാം എന്ന് ഒരു തോന്നൽ. 
****

രണ്ടാം തീയതി രാത്രി ഒൻപതു മണിക്ക് ഓട്ടം. രാവിലെ മുതൽ പല പണികൾ ചെയ്തു തീർക്കണം- ഷോപ്പിംഗ്‌, കൊച്ചിനെ ഒരു ടെസ്റ്റ്‌ എഴുതിക്കാൻ കൊണ്ടു പോകൽ, പിന്നെ ടീ ഷർട്ട് വാങ്ങാൻ പോകൽ എന്നിങ്ങനെ അവസാന നിമിഷം വരെ ബിസി. അതിനിടെ ഉച്ചയ്ക്ക് ഒന്നര മണിക്കൂർ ഉറക്കം. ഓട്ടത്തിന് രണ്ടു മൂന്നു മണിക്കൂർ മുൻപ് വരെ കട്ടിയായി ഒന്നും കഴിക്കരുത് എന്ന് വായിച്ചിരുന്നു. കഴിക്കാതെ ഓടരുത് എന്ന് ഭാര്യ. ചോറും ബീഫ് കറിയും ഉണ്ടാക്കിയത് വേണ്ടന്നു വച്ച് പെട്ടന്ന് oats കാച്ചി ഒരു ബൌൾ കുടിച്ചു.  പിന്നെ കഷ്ടിച്ച് രണ്ടു മണിക്കൂർ മാത്രം ഓട്ടത്തിന്. 

എട്ടു മണിയോടെ പതുക്കെ ഇറങ്ങാൻ തുടങ്ങിയപ്പോൾ പിള്ളേര് രണ്ടും ഭീകര ചിരി. അച്ഛൻ തമാശ പറയുന്നതാണ് എന്നാണ് അവർ വിചാരിച്ചതത്രേ. രാത്രി ഓടുന്നത് കൊണ്ട് അവരാരും വരുന്നില്ല എന്ന് തീരുമാനിച്ചു. കാർ പാർക്ക് ചെയ്ത് ട്രാം പിടിച്ച് സ്റ്റാർട്ടിംഗ് പോയന്റിൽ എത്താൻ പ്രതീക്ഷിച്ചതിലും വൈകി. 15 മിനുട്ട് ഇടവിട്ടാണ് ട്രാം. അതൊരെണ്ണം  മിസ്സ്‌ ചെയ്തു.കൃത്യം 8.58 നു സ്റ്റാർട്ടിംഗ് പോയന്റിനടുത്തുള്ള സ്റ്റോപ്പിൽ എത്തുന്ന ട്രാം കിട്ടി. അതിൽ ഓടാനുള്ള പത്തിരുപതു പേര് ഉണ്ടായിരുന്നു.  ഒരു നൂറു മീറ്റർ ഓടി സ്റ്റാർട്ടിംഗ് പോയന്റിൽ എത്തി. ഏകദേശം ഏറ്റവും പിറകിൽ തന്നെ സ്ഥാനം ലഭിച്ചു. 

രണ്ടായിരത്തിലധികം പേര് ഓടാൻ ഉണ്ടായിരുന്നതിനാൽ ഇരുനൂറു മുന്നൂറു പേരുടെ പല പല ബാച്ചിൽ ആയിരുന്നു ഓടാൻ തുടങ്ങിയത്. അങ്ങിനെ എത്ര നേരം നിന്നു  എന്ന് ഓർമ്മയില്ല. പതുക്കെ ആൾക്കൂട്ടം ഓടാൻ തുടങ്ങി. രാത്രി ആയതിനാൽ കൃത്യമായി സ്റ്റാർട്ടിംഗ് പോയന്റ്  കണ്ടില്ല. ഓട്ടത്തിനു സ്പീഡ് വച്ചപ്പോൾ വിചാരിച്ചു ഓട്ടം ശരിക്കും തുടങ്ങിയെന്ന്. പതുക്കെ സൈഡിൽ കൂടി ഇടം ഉണ്ടാക്കി മുന്നോട്ട് പോയി. അധികം വീതിയുള്ള വഴിയായിരുന്നില്ല. കൂടാതെ ചാറ്റൽ മഴയും. കയ്യിൽ ആകെ കരുതിയത്‌ ഫോണ്‍ മാത്രമായിരുന്നു. പലരും ജാക്കറ്റും പ്ലാസ്റ്റിക് കവറും ഒക്കെ ഇട്ടാണ് ഓടിയത്. ഏതായാലും ഓടുന്നെങ്കിൽ നനഞ്ഞു തന്നെ ഓടാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
***

ഒരു കിലോമീറ്റർ എന്ന് സൈഡിൽ ബോർഡ് കണ്ടപ്പോൾ സമയം 9:13. മുൻപിൽ കുറെയധികം ആളുകൾ ഉണ്ട്. കൂടാതെ ചെറിയ കയറ്റവും. രണ്ടു കിലോമീറ്റർ ആയപ്പോൾ സമയം വീണ്ടും നോക്കി - 9:20. വലത് കാൽ മുട്ടിൽ അതുവരെ ഉണ്ടായിരുന്ന വേദന പമ്പ കടന്നു. പിന്നെ ഓട്ടം കുറച്ചു സ്പീഡിൽ ആക്കി. ഒരു മാതിരി കയറ്റവും. നാല് കിലോമീറ്റർ എന്ന് ബോർഡ് കണ്ടു- സമയം 9:33. നല്ല കയറ്റമായി. കുറച്ചു കഴിഞ്ഞപ്പോൾ അണയ്ക്കാൻ തുടങ്ങി. അതിനിടെ oats തികട്ടി വരുന്നു. അത് വരെ വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. പതുക്കെ ഓട്ടം നിർത്തി ഒരു മിനുട്ട് നടന്നു, വീണ്ടും ഓടി. 5 കിലോ മീറ്റർ ആയപ്പോൾ സമയം 9:43. 43 മിനുട്ട് എടുത്തു എന്ന ചിന്തയിൽ പെട്ടന്ന് ഓടിക്കൊണ്ടു തന്നെ രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു. 

പിന്നെ ഉഗ്രൻ ഒരു ഓട്ടം. രണ്ടു കിലോമീറ്റർ ഇറക്കമായിരുന്നു. ബ്രേക്ക്‌ പിടിച്ചിട്ടും കിട്ടുന്നില്ല. ഏതായാലും മസിലിനും മുട്ടിനും ഒന്നും വേദനയില്ല. മഴ ആയിരുന്നതിനാൽ തെന്നുമോ എന്ന് പേടി ഉണ്ടായിരുന്നു. പലരെയും കടന്ന് പെട്ടന്ന് മുന്നോട്ടു പോയി. ഇടയ്ക്ക് നടക്കേണ്ടി വന്നില്ല. 8 കിലോമീറ്റർ എത്തിയപ്പോൾ സമയം 10:05.  ഫിനിഷിംഗ് പോയൻറ് ദൂരെ കാണാം. ഒറ്റ വിടീൽ വിട്ടു. പക്ഷെ അര കിലോമീറ്റർ ഓടിക്കാണും - അണയ്ക്കാൻ തുടങ്ങി, പിന്നെ ഒന്ന് രണ്ടു  മിനുട്ട് നടത്തം. വീണ്ടും ഓട്ടം. ഫിനിഷിംഗ് പോയന്റിൽ എത്തിയപ്പോൾ സമയം കാണിച്ചത് 10:18:30 എന്നോ മറ്റോ. ഏതായാലും 78 മിനുട്ടിൽ ഓടിയെത്തി എന്ന് വിചാരിച്ച് പതുക്കെ നടന്ന് രണ്ടു ഫോട്ടോ ഒക്കെ എടുത്ത് അവിടെ നിന്നും പോരുന്നു. 
**

വീട്ടിൽ വന്ന് വെബ്സൈറ്റിൽ നോക്കിയപ്പോൾ ഞാൻ തന്നെ ഞെട്ടി. എന്റെ സമയം 70 മിനുട്ട് 33 സെക്കൻറ്. ആദ്യ അഞ്ചു കിലോമീറ്റർ 36 മിനുട്ട് 29 സെക്കൻറ്. രണ്ടാം പകുതി 34 മിനുട്ട് 04 സെക്കൻറ്. ആൾത്തിരക്കായതിനാലും അവസാനം വന്നതിനാലും സ്റ്റാർട്ടിംഗ് പോയന്റിൽ എത്താൻ ഏഴെട്ടു മിനുട്ട് എടുത്തിട്ടുണ്ട്. റാങ്ക് 1983 (2180 പേരിൽ). എന്നെക്കാൾ പിറകിലായി ഓടിയത് ഇരുനൂറു പേര്.   Male, 40-49 വയസ്സ് കാറ്റഗറിയിൽ റാങ്ക് 278 (മുന്നൂറോളം പേരിൽ)  ഒരു പക്ഷെ ട്രെയിൻ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി സമയം മെച്ചപ്പെടുത്താമായിരുന്നു. 


ആകെ മൂന്നോ നാലോ മിനുട്ട് നടന്നു കാണണം, അതും നല്ല സ്പീഡിൽ തന്നെ. പിന്നെ അണയ്ക്കുന്നത് മാത്രമാണ് രണ്ടോ മൂന്നോ പ്രാവശ്യം പ്രശ്നം തോന്നിയത്. പക്ഷെ എങ്ങും അണച്ച് നിന്നില്ല. അഞ്ചു കിലോമീറ്ററോളം ഓടിയപ്പോൾ ചെറിയ തോതിൽ ഉണ്ടായിരുന്ന ചാറ്റൽ മഴ ഇടയ്ക്ക് നന്നായി പെയ്തത് ഞാൻ ആസ്വദിച്ചു. മഴ നനയുക എന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. അത് കൊണ്ടു ക്ഷീണം അറിഞ്ഞില്ല എന്ന് തന്നെ പറയാം. 
***
പത്തു കിലോമീറ്റർ 70-80  മിനുട്ടിൽ ഫിനിഷ് ചെയ്യാൻ അത്ര കാര്യമായ ദീർഘ ദൂര ഓട്ട പരിശീലനം വേണോ എന്ന് സംശയം. കൃത്യമായി മസിൽ സ്ട്രെങ്ങ്തെൻ ചെയ്യണം- കാലിലെയും കയ്യുടെയും അതുപോലെ ഹിപ്പ് മസിലുകൾ ഉറച്ചതാക്കണം.  അതുപോലെ തന്നെ കഴുത്തും തോളും വയറും മസിൽ സ്ട്രോങ്ങ്‌ ആക്കണം,  വെയ്റ്റ് കുറയ്ക്കണം, പിന്നെ ഇന്റെർവൽ ട്രെയിനിങ്ങും നടത്തിയാൽ ഓടാൻ പറ്റും എന്ന് തോന്നുന്നു. മത്സരം എന്നുള്ളത് ഒരു പരിധി വരെ നമ്മളെ അധികം ക്ഷീണംഅറിയിക്കാതെ കൊണ്ടു പോകും. മസിൽ സ്ട്രോങ്ങ്‌ ആണെങ്കിൽ വേദനയും ഒരുമാതിരി സ്പീഡിൽ ഒക്കെ പോയാൽ  അത്ര അറിയുമെന്ന് തോന്നുന്നില്ല.

ആഹാരം ശ്രദ്ധിക്കണം. നല്ല ആവിയുള്ള സ്ഥലങ്ങൾ ആണെങ്കിൽ വെള്ളം കൂടെ കരുതുന്നത് നല്ലതാണ്.
 ***
എന്ത് കൊണ്ടും വളരെ സന്തോഷം തരുന്നു ഈ പങ്കാളിത്തം, പ്രകടനം.  ഇനീം ഓടുമോ എന്ന് അറിയില്ല. വെയ്റ്റ് കുറയ്ക്കുകയാണ് ഇനി പ്രധാനം. ഇപ്പോൾ 81-82 കിലോയിൽ നില്ക്കുന്നു. ജൂലൈ ആദ്യം 72-73 ആക്കണം എന്നുള്ള ടാർഗറ്റ് മാറ്റി, 78-79 ആക്കാൻ പറ്റുമോ എന്ന് നോക്കുന്നു.  

Saturday, 10 May 2014

മഴയിൽ കുരുത്തത്....

ഇടവപ്പാതിയിൽ ഇടതു വശം ചരിഞ്ഞ് 
ബെഞ്ചിൽ കിടന്നുറങ്ങുമ്പോൾ 
വലതു ചെവിയിലാണ് വെള്ളം വീഴുക 
പെട്ടന്ന് ഞെട്ടിയുണരുമ്പോൾ 
വായിലും വെള്ളം കയറിയിരിക്കും
തുണിയും വാരിയെടുത്ത് ബെഞ്ച് വലിച്ചൊരു സൈഡിലിട്ട് 
ദേഷ്യത്തിൽ ഒതുങ്ങി നോക്കും 
പിന്നെ ഒന്ന്, രണ്ട് എന്നിങ്ങനെ എണ്ണി 
ഒന്നിച്ചു കൂട്ടിപ്പിടിച്ച് ഒരു വലിയാണ്
ചിലപ്പോൾ തത്ക്കാലത്തെയ്ക്ക് നിൽക്കും 

എട്ടൊൻപതുമാസം തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിൽ 

ഓലക്കീറുകൾ പണിമുടക്കുമ്പോൾ 
നന്ദി പറയേണ്ടത് "പാള" കളെയാണ് 
വേനൽക്കാലം കാറ്റു തന്നു കഴിയുമ്പോൾ 
വിശറികൾക്ക്  മോക്ഷം കിട്ടുന്നത് 
ഇടവപ്പാതിയിലെ മഴയിലലിയുമ്പോഴാണ് 
(വഴുവഴുത്ത പാളകൾക്ക് ഒരുതരം പുളി രുചിയാണ്)

എന്താ മോനെ ഉറങ്ങിയില്ലേന്നു ചോദിച്ചപ്പോൾ

ചങ്കു പൊട്ടിക്കാണുമോന്ന്‌ ചോദിക്കാൻ
ഇന്നവിടെ ആരുമില്ല 
(ഇരുട്ടത്ത് ചങ്കുപൊട്ടുന്നത് 
മിന്നൽ വെളിച്ചത്തിൽ കാണാമെന്നു വിചാരിച്ചാലും
ഇടിയുടെ ശബ്ദത്തിൽ തേങ്ങലുകൾ
നേർത്തലിഞ്ഞു പോയിരിക്കണം)

Sunday, 22 August 2010

പ്രണയം

പറയാതെ പോയ പ്രണയം
മനോഹരമായ ഒരു പൂവിനെപ്പോലെയാണ്
നഷ്ടബോധം തോന്നിയാല്‍പോലും
ഓര്‍മ്മയുടെ മൃദുദലങ്ങളില്‍ തലോടുമ്പോള്‍
നഖങ്ങള്‍ കൊണ്ടു പോറല്‍ വീഴാതെ സൂക്ഷിക്കും
പറിച്ചെടുക്കാതെ നിര്‍ത്തിയ പുഷ്പം
നാളുകള്‍ കഴിഞ്ഞാലും
അതുപോലെ തന്നെ നില്‍ക്കുന്നത്
ഒരു നിമിത്തമായിരിക്കും.........

പറഞ്ഞൊഴിഞ്ഞ പ്രണയം ഒരു വണ്ടിനെപ്പോലെയും
എപ്പോഴും അത് ചെവിയില്‍ മൂളിക്കൊണ്ടിരിക്കും
അസഹ്യമാവുമ്പോള്‍ അല്പം മദ്യം,
അല്ലെങ്കില്‍ വഴിതെറ്റിക്കാനായി സല്ലാപം
ഇതൊന്നുമല്ലെങ്കില്‍ മൂടിപ്പുതച്ചു കിടന്ന്‌
കൂര്‍ക്കം വലിച്ചുള്ള ഉറക്കം
എന്തായാലും വീണ്ടും വീണ്ടും അത് തിരിച്ചു വരും
കൂടുതല്‍ ശക്തിയോടെ.......

Sunday, 14 February 2010

വിരഹം

അകലെയാണെന്നാലുമൊരുനോക്ക് നിന്നെയീ
കിളിജാലക*ത്തിന്നകത്ത് കാണാന്‍
കൊതിയാണ് വേഗമാ പരിദേവനത്തിന്‍റെ
മധുരമാമുടയാത്ത കെട്ടഴിക്കൂ

ഏതോ കിനാക്കള്‍ നിറയുന്ന നിദ്രയില്‍
ഏതോ വിഷാദത്തിന്‍ വേളകളില്‍
നീ മാത്രമെന്നിലെ എന്നെയറിയുന്നു
പൊന്നിളം തെന്നലായെത്തിടുന്നു

വെറുതെയിരുന്നു ഞാനെവിടേയ്ക്കോ പോകുന്ന
ശലഭങ്ങളെ നോക്കിയാസ്വദിക്കാം
പ്രണയ നിലാവൊളി തൂകുന്ന നിന്നുടെ
വിരഹാര്‍ദ്ര വേദന പങ്കു വെക്കാം

എന്തിനോ വേണ്ടി തിരയുന്ന നിന്നിലെ
കണ്മഷിപ്പൂവില്‍ ഞാനുമ്മ നല്‍കാം
ഏറെ നാളായിട്ടുമെന്തേ വരാത്തു‌ നീ
എന്നാണ് കാണുക വീണ്ടുമിനി?
------
*കിളിജാലകം - കമ്പ്യൂട്ടര്‍

----

ആശയ ദാരിദ്ര്യവും സമയപരിമിതികളും കാരണം രണ്ടു വര്‍ഷം മുന്‍പ് മഴത്തുള്ളിക്കിലുക്കത്തില്‍ ഇട്ട ഒരു കവിത (?) ഇവിടെ പകര്‍ത്തി എഴുതുന്നു.....

Saturday, 19 September 2009

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

കേരളത്തില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങിയത് 1992 മുതല്‍ ആണ്. അതിനിടെ ഒരു മൂന്നു കൊല്ലം (1998 -2001 ) വീണ്ടും കേരളത്തില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരം ലഭിച്ചു. പിന്നീട് ഡല്‍ഹിയിലും ബെയ്ജിങ്ങിലും ഇപ്പോള്‍ ജനീവയിലും പ്രവാസിയായി കഴിയുന്നെങ്കിലും കേരളത്തിലെ എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും മറ്റും അറിയുകയും, എല്ലാ വര്‍ഷവും കഴിവതും 3-4 ആഴ്ച നാട്ടില്‍ നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു കൊല്ലമായി നാട്ടില്‍ പോയിരുന്നില്ല. അതിനാല്‍ തന്നെ നാട്ടില്‍ കഴിഞ്ഞ ഓഗസ്റ്റ്‌ മൂന്നു മുതല്‍ അഞ്ചാഴ്ച്ച എത്തിയപ്പോള്‍ ഏറെ പുതുമകളും ചില പഴമകളും കണ്ണില്‍പെട്ടു. ചിലത് ഇവിടെ കുറിക്കുന്നു.
********
പുരുഷത്വം
"നിന്നെ കെട്ടിയത് ഞാന്‍ പറയുന്നത് അനുസരിക്കാനാണ്. എനിക്ക് നിന്നെ വരച്ച വരയില്‍ നിര്‍ത്താന്‍ അറിയാം."
" പെണ്ണുങ്ങളല്ല ഇതൊന്നും തീരുമാനിക്കുന്നത്. ഞാനും ചേട്ടനും അച്ഛനും ഉള്ളപ്പോള്‍ നീ എന്തിനാ കാറിനു കൂലി കൊടുത്തത്?"
കയ്യില്‍ ചില്ലറ ഉള്ളതിനാല്‍ ഭാര്യ കാറ് കൂലി കൊടുത്തത് ഇഷ്ടപ്പെടാത്ത ഭര്‍ത്താവ്. ദുഫായിയില്‍ ജോലിയുള്ള വിദ്യാ സമ്പന്നനായ ചെറുപ്പക്കാരന്‍!

നൂറു ശതമാനം സാക്ഷരത പുഴുങ്ങി തിന്നാനെ കൊള്ളൂ!!!

********
തല പോയാലും ഹെല്‍മെറ്റ്‌ വയ്ക്കില്ല
തല പോയാലും ഹെല്‍മെറ്റ്‌ വയ്ക്കില്ല എന്ന പഴയ ചിന്താഗതി മാറി തുടങ്ങിയിരിക്കുന്നു!ഓണ്‍ലൈന്‍ പത്രങ്ങളില്‍ ദാരുണമായ റോഡപകട മരണങ്ങള്‍ ദിവസേന കാണുമ്പോള്‍ അമര്‍ഷം തോന്നിയിട്ടുണ്ട്. എന്ത് കൊണ്ടു കേരളത്തിലെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിക്കുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ചൂട് കാലത്തും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മിക്കവരും ഹെല്‍മെറ്റ്‌ ധരിച്ചു വണ്ടി ഓടിക്കുമ്പോള്‍ കാലാവസ്ഥയുടെ മേല്‍ പഴി ചാരി ഹെല്‍മെറ്റ്‌ ഉപയോഗിക്കാതിരിക്കുന്നത് ശുദ്ധ പോഴത്തരമാണ്. ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഇടയ്ക്കിടെ ഹെല്‍മെറ്റ്‌ വച്ച ഇരു ചക്ര വാഹനക്കാരെ കണ്ടു!
********

സൈഡ് തരൂ....
വാഹനം ഓടിക്കുന്ന സ്ത്രീകള്‍ (ഇതിനു മുന്‍പത്തെ അപേക്ഷിച്ച്) വളരെ അധികം കൂടിയിരിക്കുന്നു. ഇരു ചക്ര വാഹനവും, അത് പോലെ തന്നെ കാറുകളും ഓടിക്കുന്ന സ്ത്രീകള്‍ ഗ്രാമ പ്രദേശങ്ങളിലും വളരെ വിരളമല്ല. ബെയ്ജിങ്ങിലെയും ജനീവയിലെയും പോലെ ബസും ലോറിയുമൊക്കെ ഓടിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ കാണണമെങ്കില്‍ ഒരു പക്ഷെ 25 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമായിരിക്കും!
********

മിസ്ഡ് കോള്‍
പൊടിയാടിയിലെ ഇടവഴികളില്‍ ഇപ്പോള്‍ റിംഗ്ടോണുകള്‍ സര്‍വ സാധാരണം. ഗ്രാമ പ്രദേശങ്ങളിലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗം അമ്പരപ്പിച്ചു. രണ്ടു വര്‍ഷം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ വളരെ ചുരുക്കം പേര്‍ക്കെ മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നുള്ളു. ഒരുനാള്‍ ഇടവഴിയിലൂടെ നടന്നു വന്നപ്പോള്‍ എതിരെ വന്ന നാല് പേര്‍ ഒരേ പോലെ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വച്ച് സംസാരിക്കുന്നത് കണ്ടപ്പോള്‍ അതിശയിച്ചു. വലിയ പട്ടണങ്ങളിലും അതുപോലെ തന്നെ വികസിത രാജ്യങ്ങളിലും മാത്രം കാണുന്ന കാഴ്ച എന്റെ പൊടിയാടിയിലും!
********

സൌധങ്ങള്‍
പണ്ടു കരിമ്പിന്‍ കാടു നിന്നിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മനോഹരങ്ങളായ വീടുകളായി. അഞ്ചു മുതല്‍ പത്തു സെന്റ് വരെയുള്ള പ്ലോട്ടുകള്‍ക്കാണത്രേ പൊടിയാടിയില്‍ ഡിമാന്റ്റ്. അതും മുപ്പതും നാല്‍പ്പതും ആയിരം രൂപ സെന്റിന്. അതിനാല്‍ പണ്ടത്തെ അമ്പതു സെന്ററില്‍ ഇപ്പോള്‍ ആറും ഏഴും വീടുകള്‍. ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ മുപ്പതോളം വീടുകള്‍ വളരെ ചെറിയ പ്രദേശത്ത് ഉണ്ടായി. താമസിക്കാന്‍ പ്രായമായ അമ്മയോ അച്ഛനോ, അല്ലെങ്കില്‍ രണ്ടുപേരും കൂടെയോ മാത്രം.
********

പൊടിയാടി
പൊടിയാടി എന്നാല്‍ 'പൊടി' (വാറ്റ് ചാരായം) അടിച്ച് ആടുന്നവര്‍ ഉള്ള ദേശം എന്ന് തമാശയായി പറഞ്ഞ് കേട്ടിട്ടുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കരിമ്പിന്‍ കാടായിരുന്ന പ്രദേശം വാറ്റ് ചാരായത്തിനും നല്ല കള്ളിനും (പൊടിയാടി ഷാപ്പ്‌) പ്രസിദ്ധമായിരുന്നത്രേ. ഇപ്പോള്‍ കരിമ്പ്‌ വാറ്റ് മാറി നേരിട്ട് സ്പിരിറ്റും അതുപോലെ വിദേശ മദ്യങ്ങളും ഒഴുകുന്നുവെന്ന് ജന സംസാരം.

സ്കൂള്‍ കുട്ടിയായിരുന്നപ്പോള്‍ തോടിനക്കരെയുള്ള കുട്ടന്‍ ചേട്ടന്‍ സ്ഥിരമായി ആടി ഭാര്യയേയും മക്കളെയും തെറിവിളിക്കുന്നത് ഓര്‍മ്മയുണ്ട്. പകല്‍ മുഴുവന്‍ കൂലിപ്പണി കഴിഞ്ഞു കുളിച്ചു നേരെ ഷാപ്പിലേക്ക് പോകുന്ന കുട്ടന്‍ ചേട്ടന്‍ രാത്രി എട്ടു മണി കഴിഞ്ഞാല്‍ ആക്ടീവ് ആകും. പിന്നെ പത്തു മണി വരെ ബഹളമായിരുന്നു.

വെള്ളമടിക്കുന്ന പലരെയും പൊടിയാടിയില്‍ കണ്ടിട്ടുണ്ട്. എങ്കിലും എല്ലാരും തന്നെ ഷാപ്പിലോ അല്ലെങ്കില്‍ വാറ്റ് കേന്ദ്രത്തിലോ അടിച്ചിട്ടു വരികയാണ് പതിവ്. ഓണത്തിന് കുറച്ചു ദിവസം മുന്‍പ് പൊടിയാടി കവല കഴിഞ്ഞ് വീട്ടിലേയ്ക്കുള്ള ഇടവഴിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ എത്തിയപ്പോള്‍ റോഡിനു അഞ്ചു മീറ്റര്‍ അകലെ പേപ്പര്‍ വിരിച്ചുപതിനഞ്ചോളം ചെറുപ്പക്കാര്‍. ഫുള്‍ ബോട്ടിലും കുറെ ടച്ചിങ്സുമായി പരസ്യമായി ഇരുന്നു വെള്ളമടിക്കുന്നു. റോഡിനു നടുവിലും ബൈക്ക് പാര്‍ക്ക്‌ ചെയ്തിട്ടുണ്ട്. രണ്ടു മൂന്നു കൊല്ലം മുന്‍പ് വരെ സ്കൂള്‍ യൂണിഫോം ഇട്ടു കണ്ടിരുന്ന പയ്യന്‍മാര്‍. അറിയാവുന്ന മുഖങ്ങള്‍ മൂന്നോ നാലോ മാത്രം. അവരുടെ അച്ഛന്‍മാരും ആവശ്യത്തിനു കുടിച്ചിരുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗം. റോഡരികിലിരുന്ന് കൂട്ടമായി മദ്യപിക്കുന്നത് നാട്ടില്‍ ആദ്യമായാണ്‌ കണ്ടത്.
********

ഓണ വെള്ളം അഥവാ വെള്ളോണം
തിരുവോണ ദിവസം പൊടിയാടിക്കടുത്തുള്ള ബിവറേജസ് കോര്‍പറേഷന്റ്റെ മുന്നിലുള്ള ക്യൂ കണ്ടപ്പോള്‍ അതിശയിച്ചു ഇതാദ്യമായി. അഞ്ഞൂറോളം ചെറുപ്പക്കാര്‍, നൂറോളം ബൈക്കുകള്‍, ഇരുപതോളം ഓട്ടോറിക്ഷകള്‍ എല്ലാം പാര്‍ക്ക്‌ ചെയ്ത് മുട്ടക്കാട്ടന്‍ ക്യൂ! ഇത്രയും ക്യൂ സത്യം പറഞ്ഞാല്‍ എങ്ങും കണ്ടിട്ടില്ല. ആര്‍ക്കും ഒരു ബഹളവും ഇല്ല. എല്ലാവരും ലൈനായി ശാന്തരായി നില്‍ക്കുന്നു. വൈകിട്ട് എട്ടു മണിയോടെ തിരിച്ചു വീട്ടിലേക്കു പോരുമ്പോള്‍ മുന്‍പ് പറഞ്ഞ അതെ സംഘം ഇടവഴിയില്‍ നടുക്കിരുന്നു വിദേശ മദ്യം സേവിക്കുന്നു!